Saturday 3 September 2016

തായ്‌ലാന്റ് - ഭാഗം 5 
 
പിറ്റേന്ന് രാവിലെ ധൃതി വച്ച് പോകാൻ ഇല്ലാത്തതുകൊണ്ട് പതുക്കെ എഴുന്നേറ്റുള്ളു .അപ്പോഴേക്കും ആ വീട്ടിലെ ചെറിയ മോൻ സ്‌കൂളിൽ പോയിരുന്നു. കുളിയും മറ്റും കഴിഞ്ഞു വന്നപ്പോഴേക്കും പ്രാതൽ തയ്യാറാക്കിയിരുന്നു . ബ്രെഡ് ഓംലറ്റ്, ചോറ് ,ചിക്കൻ മുളകൊക്കെ ഇട്ടു കറി ,എല്ലാം തയ്യാറാക്കിയിരുന്നു. അതെല്ലാം കഴിച്ച് ഗൈഡുമായി ചുമ്മാ സംസാരിച്ചു ഇരിക്കുമ്പോ ആണൂ, അടുത്തുള്ള ക്ഷേത്രത്തിൽ നിന്നും അറിയിപ്പു വന്നതു. ഗൈഡ് അതു വിശദീകരിചു തന്നു.അവിടെ അടുത്തു ഒരാൾ   മരിച്ചത് ഗ്രാമവാസികളേ അറിയിക്കുന്നതു ആണതു. അതിനെ പറ്റി വിശദമായി ഈ പോസ്റ്റിലുണ്ട്.

അവിടെ നിന്നും എല്ലാം പാക്ക് ചെയ്തു ഇറങി. തൊട്ടു തന്നെയുള്ള വീട്ടിൽ ചായ ഇല കൊണ്ടു ഉണ്ടാക്കുന്ന മുറുക്കാൻ പോലെ  വായിൽ ഇട്ട് ചവക്കുന്ന സാധനം ഉണ്ടാക്കുന്നതു കാണിച്ചു തന്നു. ചായ ഇല അങനെ തന്നെ കെട്ടുകൾ ആക്കി, പ്രത്യേക തരം അടുപ്പിൽ വലിയ പാത്രങളിൽ തിളപ്പിചു എടുക്കും. ആ ഇലകൾ അവർ ഉപ്പു കൂട്ടി  മുറുക്കാൻ പോലെ ചവചു നടക്കുമ്മെന്നു. കല്യാണം, മരണം പോലെ, ഫങ്ഷനുകൾ വരുമ്പോ കൂടുതൽ നേരം ഉഷാറായി ഇരിക്കാനും ഉറക്കം വരാതെ ഇരിക്കാനുമൊക്കെ ആണത് ഉപയോഗിക്കുന്നത് എന്നാണു പറഞ്ഞത്. അത് വ്യവസായികാടിസ്ഥാനത്തിലും ഉണ്ടാക്കി കയറ്റി അയക്കലോക്കെ ഉണ്ടെന്നു പറഞ്ഞു. 

അവിടെ നിന്നും ഇറങ്ങി ഗ്രാമത്തിലൂടെ കുറച്ചു നേരം കറങ്ങി നടന്നു .വളരെ ഭംഗിയുള്ള വൃത്തിയുള്ള റോഡും വീടുകളും .വഴിയിൽ സ്ത്രീകൾ ആഹാരസാധനങ്ങൾ ചൂടോടെ ഉണ്ടാക്കി വിൽക്കുന്നുണ്ട്. ഒരു വിധം എല്ലാ വീടുകളുടെയും മുന്നിൽ തന്നെ കുഞ്ഞൊരു അമ്പലം സെറ്റപ്പ് ഉണ്ട്. നമ്മുടെ നാട്ടിലെ പോലെ തന്നെ എന്നും വിളക്ക് വച്ച് പ്രാർത്ഥിക്കും അവർ. സ്പിരിറ്റിനെ കുട്ടി ഇരുത്തിയിരിക്കുന്നത് ആണത്രേ അത്. വീടിന്റെ ഐശ്വര്യത്തിനും നല്ലതിനും വേണ്ടി. വഴിയിൽ വിൽക്കുന്ന ഒരു സ്ത്രീയുടെ അടുത്ത് നിന്നും ചോളം പുഴുങ്ങിയതിൽ തേങ്ങാപ്പാലും ക്രീമും പഞ്ചസാരയും ഒക്കെ ഇട്ട ഒരു വിഭവം വാങ്ങി. അവർ ആദ്യമേ തന്നെ ചെറിയ ഒരു വാഴ ഇല ചീന്തിൽ കുറച്ചു എടുത്തു മാറ്റി ആ സ്പിരിറ്റിന്റെ ഭാഗത്തു കൊണ്ട് വച്ച് . നമ്മുടെ നാട്ടിൽ അമ്പലത്തിൽ ഒക്കെ ചെയുന്ന പോലെ ദൈവത്തിനു ആദ്യമേ മാറ്റുന്ന ചടങ്ങു പോലെ. പിനീട് ആണ് ഞങ്ങൾക്ക് പൊതിഞ്ഞു തന്നത്. ചോദിച്ചപ്പോൾ കട തുറന്നു ആദ്യത്തെ കച്ചവടം ആണത്രേ ഞങ്ങൾക്ക്. അപ്പൊ ദൈവത്തിനു കൊടുത്തിട്ടെ തരു എന്ന്. കുറച്ചു നേരം കറങ്ങി. മരിച്ച ആളെ വച്ചിരിക്കുന്ന അമ്പലത്തിൽ  ഒക്കെ കയറി വിശദീകരിച്ചു തന്നു  ഗൈഡ്. 

അവിടെ നിന്നും നേരെ പോയത്,Baan Thong Luang ട്രൈബൽ വില്ലേജിലേക്കു ആണ്. അവിടെ ഒരുപാട് റെസ്റ്ററന്റുകളും ട്രൈബൽസ് ന്റെ കടകൾ ഒക്കെ ആണ് മെയിൻ ആയി ഉള്ളത്. ട്രൈബൽ വില്ലജ് എന്ന് പറഞ്ഞപ്പോ മനസ്സിൽ ഉണ്ടായിരുന്നത് കാട്ടിൽ, സിനിമയിൽ ഒക്കെ കാണുന്ന പോലെ ആദിവാസി ജീവിതം ഒക്കെ നേരിട്ടു കണ്ടു അവരുടെ കൂടെ കുറച്ചു നേരം ചിലവഴിക്കാം  എന്നായിരുന്നു. കാട്ടിലിനുള്ളിൽ തന്നെ ആണെങ്കിലും , ഇത് പക്ഷെ ടുറിസത്തിനു വേണ്ടി അവർ ട്രൈബൽ നെ ഉപയോഗിക്കുന്ന പോലെ ആണ് തോന്നിയത്. സ്ത്രീകൾ ആണ് മിക്കവാറും കടകൾ നടത്തുന്നത്. അവർ തന്നെ നെയ്തു ,തുന്നി ഉണ്ടാക്കിയ ഡ്രെസ്സുകൾ ആഭരണങ്ങൾ ഒക്കെ. അവിടെ നിന്നും ട്രൈബൽ സ്റ്റൈലിൽ ഉള്ള ആഭരണങ്ങളും ഡ്രെസ്സും ഒക്കെ വാങ്ങി. ആണുങ്ങൾ ഒക്കെ പുറത്തു ജോലിക്കും പെണ്ണുങ്ങൾ ആ സമയത്തു ഇതുപോലെ നെയ്ത്തും തുന്നലും  ഒക്കെയായി സമ്പാദിക്കുന്നു. വീട് എന്ന് പറയാൻ ആകെ ഒരു മുറി, ഗാരേജ് , ബാത്‌റൂം ഒക്കെ  ഉള്ളു . വില്ലേജിനോട്  ചേർന്ന് തന്നെ നല്ലൊരു പാർക്ക്  ഉണ്ട്. അപൂർവം ആയ ചില പൂക്കൾ ഒക്കെ കണ്ടു. അവിടെ ഒരു റസ്റ്ററന്റിൽ നിന്നും ഭക്ഷ ണവും കഴിച്ചു .
അവിടെ നിന്നും നേരെ പോയത്  Wat Prathat Doi Suthep  പ്രസിദ്ധമായ മലമുകളിൽ ഉള്ള ബുദ്ധക്ഷേത്രത്തിലേക്കു ആണ്.  അതിനു മുകളിൽ നിന്നാൽ ചിയാങ്മായ നഗരം  മുഴുവൻ കാണാം . മുകളിലേക്ക് കയറാൻ inclined ലിഫ്റ്റ് ഉണ്ട്.  സ്റ്റെപ് വഴിയും കയറാം. പഴനി പോലെ  ഒരുപാട് സ്റ്റെപ് കയറുന്നത് ആലോചിക്കാൻ വയ്യാത്ത കൊണ്ട് ലിഫ്റ്റിൽ തന്നെ പോയി. ഉള്ളിലെ പ്രതിഷ്ഠയുള്ള ഭാഗത്തു പ്രേത്യേകിച്ചു ഒന്നും കാണാൻ ഇല്ല. പക്ഷെ പരിസരം മൊത്തം കളർഫുൾ ആൻഡ് ബ്യുട്ടിഫുൾ ആണ് . കൊച്ചുപാവാട, സ്ലീവ്‌ലെസ് ഒക്കെ ഇട്ടവർ നമ്മുടെ അമ്പലങ്ങളിലെ പോലെ തന്നെ പുറത്തു നിന്നും മുണ്ടും ഷാൾ ഒക്കെ  വാങ്ങി ചുറ്റുന്നുണ്ട്.  തായിലെ എല്ലാ അമ്പലങ്ങളിലും ഇത് തന്നെ ആണ് അവസ്ഥ.  അതിന്റെ പഗോഡ 6  കിലോ സ്വർണം കൊണ്ട് ആണ് പണിതിട്ടുള്ളത്.  അമ്പലത്തിനോട് ചേർന്ന് തന്നെ ചെറിയ ഒരു സ്‌കൂൾ മിക്കയിടത്തും കണ്ടു.  ഇവിടെയും. ചിയാങ്ങമായിന്റെ ആകാശക്കാഴ്ച കാണാവുന്ന ഒരിടത്തു ഒരു മണ്ഡപം പണിതിട്ടുണ്ട്, മരംകൊണ്ടു മൊത്തം ചിത്രപ്പണികൾ ചെയ്തു നാല് വലിയ തടി തൂണുകളിൽ ആണ് അത് . അവിടമെല്ലാം കറങ്ങി  ഫോട്ടോ എടുത്തും, മണികൾ (നിറയെ മണികൾ ആണ് ) അടിച്ചും നടന്നു .  അവിടെ നിന്നും ചിയാങ്മായ് നഗരത്തിലെ ഹോട്ടലിലേക്ക്. ഒരു പാട് വലിയ കെട്ടിടങ്ങൾ ഒന്നും ഇല്ലാത്ത  പഴമയെ കെട്ടിപിടിച്ചു നിൽക്കുന്ന ഒരു നഗരം.  

ചെക്കിങ് ചെയ്തു കുളിച്ചു ഫ്രഷ് ആയി ,നഗരത്തിലേക്കു കറങ്ങാൻ ഇറങ്ങി. ഹോട്ടലിനു അത്ര ദൂരത്തു അല്ലാതെയുള്ള മാർക്കറ്റു ആണ് ലക്‌ഷ്യം. നല്ല ഫ്രഷ് ഫ്രൂട്ട് കിട്ടിയാൽ നാട്ടിലേക്കു കൊണ്ടുപോകാം എന്ന് മനസ്സിൽ. ലിച്ചി റംബൂട്ടാൻ, മാങ്കോസ്റ്റിൻ, ഡ്രാഗൺ ഫ്രൂട്ട് , തുടങ്ങിയ ഗൾഫിൽ  വില കൂടുതൽ കൊണ്ട്  നോക്കി മാത്രം സ്വാദ് അറിഞ്ഞിരുന്ന  ഫ്രൂട്ട് ഒക്കെ വില കുറവും ഫ്രഷ് ആയും അവിടെ നിന്നും  കഴിച്ചിരുന്നു. 

വഴിയരികിൽ മുഴുവൻ മസ്സാജ് പാർലറുകൾ ആണ്. പാർലറിന്  പുറത്തു കിടത്തിയും, അകത്തും ഒക്കെ മസാജ് നടത്തുന്നുണ്ട്.  വഴിക്കു ഒരു ഇന്ത്യൻ റെസ്റ്ററന്റ് കണ്ടപ്പോൾ കയറി ഫുഡ് കഴിച്ചു. ചിയാങ്ങമായിൽ ഇന്ത്യൻസ്  വളരെ കുറവാണ്. രണ്ടു നോർത്ത് ഇന്ത്യൻ പയ്യന്മാർ ആണ് പുതുതായി തുടങ്ങിയ  റസ്റ്ററന്റ് നടത്തുന്നത്. ഞങ്ങൾ മാത്രേ അവിടെ കഴിക്കാൻ  ഉണ്ടായിരുന്നുള്ളു.  കഴിച്ചു കഴിഞ്ഞു മാർക്കറ്റിൽ പോയി  കറങ്ങി. ഫ്രൂട്ട് സ്  അധികം ഒന്നും കണ്ടില്ല. തുണികളും ആഭരങ്ങൾ ചെരുപ്പ് തുടങ്ങിയവ ഒക്കെ ആയിരുന്നു കൂടുതലും . ചിലതൊക്കെ വാങ്ങി തിരിച്ചു ഹോട്ടലിലേക്ക് .

പിറ്റേന്ന് ആകെയുള്ളത് സിപ് ലൈൻ ടൂർ ആണ്. കാടിനു മുകളിലൂടെ , കുരങ്ങന്മാരെ , പക്ഷികളെ പോലെ ഒക്കെ സാഹസിക യാത്ര. രാവിലെ  തന്നെ  ചെറിയ മഴയുണ്ടായിരുന്നു.   ഹോട്ടലിൽ നിന്നും ബ്രെക്ഫാസ്റ്റ്  കഴിച്ചു കഴിഞ്ഞപ്പോഴേക്കും , അത് നടത്തുന്ന കമ്പനിയുടെ ആൾകാർ വന്നു കൊണ്ട് പോയി. ഹോട്ടലിൽ നിന്നും 40 km  ദൂരം ഉണ്ട്. ബേസ് കാമ്പിൽ വച്ച് സേഫ്റ്റി ബെൽറ്റും മറ്റു കിടുതാപ്പുകളും, മഴയുള്ളതിനാൽ മഴക്കോട്ടും ഒക്കെ ഇട്ടു, അപകടം പറ്റിയാലും സാരമില്ല എന്നൊക്കെ   സൈൻ ചെയ്തു കൊടുത്തു കാട്ടിലേക്ക് യാത്ര ആയി. രണ്ടു പേരാണ് ഞങ്ങൾ 7 പേർക്ക് വേണ്ടി കൂടെ വന്നിരിക്കുന്ന ഗൈഡുകൾ. ഞങ്ങൾ മാത്രമേ അവിടെ ഇന്ത്യക്കാര് ആയി ഉണ്ടായിരുന്നുള്ളു. കാര്യങ്ങൾ ഒക്കെ വിശദീകരിച്ചു തന്നു അവർ. നീളം കൂടുതൽ ഉള്ള ലൈനുകളിൽ ബ്രേക്ക് പിടിക്കാൻ മുളകൊണ്ടുള്ള ഒരു വടി ഉണ്ട്. ഒന്ന് രണ്ടു തവണ പറക്കലിന് ഇടയിൽ ബ്രേക്ക് ചെയ്യാൻ പറ്റാതെ സ്പീഡിൽ പോയി മരത്തിനേം ഗൈഡിനെ ഒക്കെ ഇടിച്ചു തെറിപ്പിക്കാൻ നോക്കി ഞാൻ ;). ഇടിച്ചിരുന്നെ ബാക്കി കാണില്ലായിരുന്നു. അത്രയും സ്പീഡിൽ ആണ് പോക്ക്. കൊടും കാറ്റിൽ മരങ്ങൾക്കു മുകളിലൂടെ പുഴക്ക് കുറുകെ ഒക്കെ പറന്നു നടന്നു. പല തരത്തിൽ ഉള്ള 35 റൈഡ്സ് പൂർത്തിയാക്കി. മോൾക്ക് ഒട്ടും പറ്റാതിരുന്ന രണ്ടെണ്ണം ഒഴിച്ച് ബാക്കി എല്ലാം അവളും തനിയെ  ചെയ്തു. തുടങ്ങിയാൽ പിന്നെ ഇടക്ക് ഇറങ്ങുകയോ തിരിച്ചു പോരാനൊ പറ്റില്ല.  ആദ്യം കുറച്ചു പേടി തോന്നിയെങ്കിലും ശരിക്കും എന്ജോയ് ചെയ്തു. ഒരു മലയടിവാരത്തിൽ ആണ് അവസാനിച്ചത്. അവിടെ നിന്നും കാട്ടിലൂടെ ബേസ് ക്യാമ്പിലേക്ക് മലകയറ്റം. വഴിയിൽ മനോഹര വെള്ളച്ചാട്ടവും പുഴയും ഒക്കെ ഉണ്ട്. പക്ഷെ  അതൊന്നും ആസ്വദിക്കാനുള്ള  കപ്പാസിറ്റി അപ്പോഴേക്കും ഇല്ലായിരുന്നു. അവിടെ നിന്ന് തന്നെ ഫുഡും കഴിച്ചു തിരിച്ചു അവർ ഹോട്ടലിൽ കൊണ്ട് വിട്ടു. 

വൈകീട്ടാണു ബാങ്കോക്കിലേക്കുള്ള ഫ്ലൈറ്റ്. രാവിലെ തന്നെ ഹോട്ടൽ ചെക്ക് ഔട്ട് ചെയ്തതിനാൽ ലോബിയിൽ ഇരുന്നു ബാക്കി നേരം തള്ളി നീക്കി.  അപ്പോഴേക്കും ഗൈഡ് അയാളുടെ കാറും കൊണ്ട് വന്നു, ഞങ്ങളെ എയർപോർട്ടിൽ വിട്ടു. ഫ്ലൈറ്റ് 3  മണിക്കൂർ ലേറ്റ് ആയി, പാതിരാത്രി ആണ് ബാങ്കോക് എത്തിയത്. പുലർച്ചെ ആണ് മുബൈ ഫ്ലൈറ്റ്.  ഹോട്ടലിൽ വന്നു, എല്ലാം പാക്ക് ചെയ്തു കുളിച്ചു ,ഒരുങ്ങി 2 മണിക്കൂർ ഉറക്കവും കഴിഞ്ഞു  സുവര്ണഭൂമി എയർപോർട്ടിലേക്ക്. ആദ്യ ദിവസം വന്ന സ്ത്രീ ഡ്രൈവർ തന്നെയായിരുന്നു  എയർപോർട്ടിലേക്ക് വന്നത്. പാതി രാത്രി ഞങ്ങളെ കൊണ്ട് വിട്ട്, വീണ്ടും പുലർച്ചെ ഒരു മിനിറ്റു പോലും താമസിക്കാതെ  അവർ വന്നു.  അവിടെ നിന്നും മുംബൈ- കൊച്ചി . 

അങ്ങനെ മനോഹരമായ അനുഭവങ്ങൾ ഓർമ്മകൾ തന്ന ഒരു യാത്രക്ക് അന്ത്യം.  

No comments:

Post a Comment