Monday 8 August 2016

തായ്ലാന്റ്- part 3

അടുത്ത ദിവസം രാവിലെ 8.30 തന്നെ റെഡി ആവണം എന്ന് പറഞ്ഞാണ് ഗൈഡ് പോയത്. അന്നത്തെ യാത്ര കോറൽ ഐലൻഡിലേക്കു ആണ്. അതിന്റെ നടത്തിപ്പുക്കാർ ആണ് ഞങ്ങളെയും ,അതുപോലെ ഉള്ള ടൂറിസ്റ്റുകളെയും ഹോട്ടലുകളിൽ നിന്നും പിക് ചെയ്തു കൊണ്ട് പോകുന്നത്. ഗൈഡ് തലേന്ന് തിരിച്ചു പോകുകയും, ഞങ്ങളുടെ കയ്യിൽ ആണെങ്കിൽ ഒരു പേപ്പർ പോലും ഇല്ല എന്നുള്ളത് കുറച്ചു ടെൻഷൻ തന്നു. പക്ഷെ ഞങ്ങളുടെ പേടിയെ കാറ്റിൽ പറത്തിക്കൊണ്ട് അതിന്റെ നടത്തിപ്പുകാർ പറഞ്ഞ സമയത്തു തന്നെ വന്നു ഞങ്ങളെ കൂട്ടി കൊണ്ട് പോയി. ഞങ്ങളുടെ കയ്യിൽ പച്ച നിറമുള്ള ഉള്ള ചെറിയൊരു റിബൺ കെട്ടി തന്നു. പിന്നെ കയ്യിന്മേൽ ഹോട്ടലിന്റെ പേരും . നൂറുകണക്കിന് ജനങ്ങൾ, (മിക്കവാറും ഇന്ത്യക്കാർ ) ബീച്ചിൽ നിൽപ്പുണ്ട്, അവരുടെ ഇടയിൽ ഞങ്ങളെ കൂടി നിർത്തി കുറച്ചു നേരം. ഇടയ്ക്കിടെ ഓരോ സ്പീഡ് ബോട്ട് വന്നു കുറച്ചു പേരെ വച്ച് കൊണ്ട് പോകുന്നുണ്ട്. പല വാനുകളിലും വന്ന പലരിൽ നിന്നും ഓരോ ഗ്രൂപ്പിന്റെ ആളുകളെ തിരിച്ചു തിരിച്ചു അവിടെ നിൽക്കുന്ന ജോലിക്കാരി പെൺകുട്ടികൾ ബോട്ടിൽ കയറ്റി വിടുന്നുണ്ട്. അവരുടെ കയ്യിൽ ആകെ കൂടി ഒരു കുഞ്ഞു കഷ്ണം പേപ്പർ മാത്രേ ഉള്ളു. വാനിലെ ഡ്രൈവർ ഒരു പെണ്ണിന് ഞങ്ങളെ കൈമാറുന്നു, അവർ ബീച്ചിൽ നില്കുന്ന ഒരു പെണ്ണിന്, അവൾ ഞങ്ങളെ ബോട്ടിൽ കയറ്റി വിടുന്നു. വളരെ വേഗത്തിൽ നടക്കുന്നുണ്ട് കാര്യങ്ങൾ. ആ സ്പീഡ് ബോട്ട് നേരെ ചെന്ന് കടലിൽ കുറച്ചു ദൂരെ നങ്കൂരം ഇട്ടിട്ടുള്ള കുറച്ചു വലിയ ബോട്ടിൽ കൊണ്ട് വിടുന്നു. അവിടെ ആണ് പാരാസെയില്സിങ് നടത്തുന്നത്. ഒരു ചെറിയ സ്പീഡ്ബോട്ട് ആ വലിയ ബോട്ടിനെ സദാ കറങ്ങിക്കൊണ്ടു ഇരിക്കുന്നുണ്ട്. ഓരോ കറക്കത്തിലും ഒരാളെ വച്ച് പാരചൂട്ട് പിടിപ്പിച്ചു പറത്തി വിടുന്നുണ്ട്. നല്ലൊരു que ഞങ്ങൾ ചെന്നെത്തുമ്പോൾ തന്നെ ഉണ്ട്. വളരെ സ്പീഡിൽ ആളുകളെ പറത്തി വിടുന്നും ഉണ്ട്. എന്തായാലും പോകണം എന്ന് വിചാരിച്ചാണ് ചെന്നതു. ഇത് എങ്ങനെ നടക്കുന് എന്ന് കുറച്ചു നേരം നോക്കി നിന്നപ്പോ ധൈര്യം കുറച്ചു പോകുന്ന പോലെ. ചിലരൊക്കെ കടലിൽ മുങ്ങിയും മറ്റും ആണ് തിരിച്ചു എത്തുന്നത്. കണ്ടപ്പോ കയറാനോ വേണ്ടയോ എന്ന് ഒരു ആശങ്ക. പോരാത്തതിന് എന്റെ കൂടെ ഉള്ള പേടിത്തൊണ്ടനും പേടിത്തൊണ്ടിയും കൂടി പോകണ്ട എന്നും പറഞ്ഞു പറഞ്ഞു ഉള്ള ധൈര്യം കൂടെ കളഞ്ഞു. കുറച്ചു കഴിഞ്ഞു ധൈര്യം വന്നപ്പോഴേക്കും വമ്പൻ que ആയി, ഞങ്ങൾക്ക് തിരിച്ചു പോകേണ്ട സമയവും ആയി. അങ്ങനെ എന്റെ വലിയൊരു ആഗ്രഹം അവിടെ പൊഴിഞ്ഞു വീണു.

അവിടെ നിന്ന് വീണ്ടും വേറെ ഒരു പെണ്ണ് വേറൊരു ബോട്ടിൽ കയറ്റി വിട്ടു. കുറച്ചു ദൂരം കടലിന്റെ മനോഹാരിത കണ്ടു കൊണ്ടൊരു യാത്ര . പട്ടയയിൽ നിന്നും 7 km ദൂരത്താണ് കോറൽ ഐലൻഡ്. അവിടെ ബീച്ചിൽ കൊണ്ട് ഇറക്കി. അവിടെ വേറൊരു പെണ്ണ് കാത്തു നിന്ന്. ഒന്നര മണിക്കൂറോളം കഴിഞ്ഞു അതെ സ്ഥലത്തു വരണം എന്നും പറഞ്ഞു ഞങ്ങളെ വിട്ടു. അവിടെ ബീച്ച് കളികൾ ആയ വാട്ടർസ്‌കൂട്ടർ , ബനാനാബോട്ട്, ഒക്കെ ഉണ്ടായിരുന്നു. വാട്ടർ സ്‌കൂട്ടരിൽ ഞാനും മോളും കൂടി കയറി ഓടിച്ചു. പിന്നെ കുറച്ചു നേരം വെള്ളത്തിൽ കളിച്ചു. എനിക്കൊരിക്കലും ബീച്ചുകളോടും വെള്ളത്തിനോടും വലിയ ഇഷ്ടം തോനീട്ടില്ലാത്ത കൊണ്ട് അത് അത്ര ആസ്വാദ്യമായൊന്നും തോന്നീല. മടുത്തപ്പോ കുറച്ചു നേരം കസേരയിൽ കിടന്നു ഉറങ്ങി. അപ്പോഴേക്കും ഞങ്ങൾക്കുള്ള വിളി വന്നു. ബോട്ടിൽ കയറി തിരിച്ചു പട്ടയക്കു. അവിടെ ബോട്ട് ഇറങ്ങിയപ്പോ ബീച്ചിൽ ഞങ്ങളുടെ ഫോട്ടോസ് നിരത്തി വച്ചിരിക്കുന്നു. ഫ്രെയിം എല്ലാം ചെയ്തു. പോകുന്ന നേരത്തു അവർ ഫോട്ടോ എടുത്തിരുന്നു. അത് മിസ് ആയാൽ കണ്ടു പിടിക്കാൻ ആവും എന്നൊക്കെ വിചാരിച്ചു .ഇതിനായിരുന്നു എങ്കിൽ പോസ് ഇട്ടു നിന്നേനെ ;). കാശു കൊടുത്തു ഫോട്ടോ വാങ്ങി വണ്ടിയിലേക്ക്. ഫോട്ടോ നമുക്കു ഇഷ്ടം ഉണ്ടെങ്കിൽ മാത്രം വാങ്ങിയാൽ മതി. വേറേം ആൾക്കാരെ കൂടെ കൂട്ടി ഒരു ഇന്ത്യൻ റെസ്റ്ററന്റിലേക്കു. അവിടന്ന് ഫുഡും കഴിച്ചു ഹോട്ടലിൽ വന്നു കുളിച്ചു റസ്റ്റ് ചെയ്തു.

വൈകീട്ടു പ്രസിദ്ധമായ അൽകാസർ ഷൊ കാണാൻ റെഡി ആയി ഹോട്ടൽ ലോബിയിൽ ഇരുന്നു. നടത്തിപ്പുക്കാർ വാനും കൊണ്ട് വന്നു. ഞങ്ങളെ ഷോ നടക്കുന്ന തീയറ്ററിനു അടുത്ത് വിട്ടു. 7 മണിക്കു ഷൊ തുടങി. വി ഐ പി റ്റിക്കറ്റ് ആയതുകൊണ്ട് മുന്നിൽ തന്നെ സീറ്റ് കിട്ടി. ആ ഷോയെ കുറിച്ചു പറയാൻ വാക്കുകൾ മതിയാവില്ല. ജീവിതത്തിൽ ഒരിക്കല്ലെങ്കിലും കാണണം അതു. ലേഡിബൊയ്സ് ആണു പെർഫോം ചെയ്യുന്നെ. പെണ്ണല്ല എന്നു ഒരു തരത്തിലും തോന്നില്ല. നല്ല ഉയ്യരം ഉള്ള വടിവൊത്ത ശരീരം. കണ്ട് കൊതിച്ചു പോയി. പല നാട്ടിൽ നിന്നും ഉള്ള പാട്ടുകൾ വച്ചു അവർ ഡാൻസ് കളിച്ചു. ഹിന്ദിയും ഉണ്ടായിരുന്നു. ഒന്നര മണിക്കൂർ ഒരു സ്വപ്നം പോലെ പോയി. ലൈറ്റ്, ഡാൻസ് മ്യുസിക് ,സ്പീഡ്, ഇതെല്ലാം കൂടി ഒരു വര്ണവിസ്മയം തന്നെ തീർത്തു. പ്രധാന പെര്ഫോമെർസ്‌ എത്ര പെട്ടെന്നാണ് costume ചെയിഞ്ച് ചെയ്തു വരുന്നേ. ഇടക്ക് സ്റ്റോപ്പ് ഒന്നും ഇല്ല. മൂന്നോ നാലോ മിനിറ്റു കൊണ്ട്. എല്ലാ costume ,ഹെയർ ഒക്കെ മാറി വരുന്നു. അതിലെ ഒരു ഡാൻസ് ഒരു കഥ പോലെ ആയിരുന്നു. കുറച്ച് ഗോൾഡ് സിൽവർ നിറമുള്ള പ്രതിമകളെ സ്റ്റാൻഡിൽ വച്ചിരുന്നു. കുറച്ച് കഴിഞ്ഞു അവയെല്ലാം ജീവൻ വച്ചതു പോലെ എഴുനേറ്റു വരുന്നു. ഞെട്ടി പോയി. പ്രതിമകൾ അല്ല എന്ന് ഒരു നിമിഷം പോലും അത് വരെ മനസിലായില്ല. അത്രയും പെർഫെക്ഷൻ. ഫോട്ടൊ എടുക്കാൻ മറന്നു പോകും. ഷോ കഴിഞ്ഞു ഇറങ്ങുമ്പോൾ പെര്ഫോമെർസ്‌ താഴെ വന്നു നിൽക്കുന്നുണ്ട്. പൈസ കൊടുത്ത് , അവരുടെ കൂടെ നിന്ന് ഫോട്ടോ എടുത്തു .

വളരെ സന്തോഷത്തോടെ ആണ് അന്ന് തിരിച്ചു ഹോട്ടലിൽ പോയത്.


(കലാബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരാളുടെ കമ്മന്റ്, ഇങ്ങനെ ഒരു ഷോ ഉണ്ടെന്നു അറിഞ്ഞിരുന്നേ ഇന്നലെ ബാറിൽ പോയി കാശു കളയണ്ടായിരുന്നു )
Show less

No comments:

Post a Comment