Sunday 14 August 2016

തായ്ലാന്റിലൂടെ - പാർട്ട് 4 

പിറ്റേന്നു പുലർച്ചെ എഴുനേറ്റു. ഇനിയുള്ള കറക്കങ്ങൾ ഷിയാങ്ങ്മായിൽ ആണ്. അങ്ങോട്ട് പട്ടയ നിന്നും 800 അധികം കിലോമീറ്റർ ദൂരം ഉണ്ട്. ഫ്‌ളൈറ്റിൽ ഒന്നേകാൽ മണിക്കൂർ യാത്ര .രാവിലെ 6.30 ക്കു ആണ് ഫ്ലൈറ്റ് .4 മണിക്ക് മുന്നേ തന്നെ ടാക്സി ഡ്രൈവർ  (സ്ത്രീ) വന്നു ലോബിയിൽ കാത്തു നിൽക്കുന്നുണ്ട്. ഹോട്ടൽ വെക്കേറ്റ് ചെയ്തു എയർപോർട്ടിലേക്ക് .അവിടെ നിന്നും എയർ ഏഷ്യ ഫ്ലൈറ്റിൽ ഷിയാങ് മായ് .ബുദ്ധ് സന്യാസിമാർക്കു que ഒന്നും നിൽക്കേണ്ട ഒരിടത്തും. അവരെ ആണ് ആദ്യമേ കടത്തി വിടുന്നത് .പട്ടയക്കു ഓരോ ആവശ്യങ്ങൾക്ക് വന്നിട്ടുള്ള ഷിയാങ് മായ് ലോക്കൽ ആളുകൾ ആണ് കൂടുതലും.ടൂറിസ്റ്റുകൾ ആയി ഞങ്ങൾ മാത്രേ ഉണ്ടായിരുന്നുള്ളു. ഷിയാങ് മായ് തായ്ലാന്റിന്റെ ഉൾപ്രദേശം ആണ് . കാടും മലകളും വയലുകളും  നദികളും ഒക്കെ ആയിട്ടുള്ള പ്രദേശം. സാധാരണ ഇന്ത്യൻ ടൂറിസ്റ്റുകൾ ഒന്നും ആ വഴി പോകാറില്ല. അതുകൊണ്ടു തന്നെ ഞങ്ങളെ കണ്ടപ്പോൾ മിക്കവർക്കും അത്ഭുതം ആയിരുന്നു. അത്യാവശ്യം വലിയ ഒരു എയര്പോര്ട് ആണ് ഷിയാങ് മായ്. ഞങ്ങളെ കാത്തു ഡ്രൈവറും ഗൈഡും നിന്നിരുന്നു. ഗൈഡ്  ഒരു അമ്പതുകാരൻ. കക്ഷി തന്നെ ആണ് അവിടത്തെ ട്രാവൽ ഏജന്റും. പൊതുവെ ബുദ്ധിസ്റ്റുകൾ നല്ല ആളുകൾ ആണെന്ന് തോന്നി. നല്ല പെരുമാറ്റം. കക്ഷി അന്നത്തെ യാത്ര പ്ലാനുകളും മറ്റും വിവരിച്ചു തന്നു. ഓർക്കിഡ് ഗാർഡൻ, എലിഫന്റ് പാർക്ക് ഒക്കെ ആണ് അന്നത്തെ യാത്ര. ആനകളുടെ നാട്ടിൽ നിന്നും വരുന്ന നിങ്ങൾ ഇന്ത്യക്കാർ എന്താ ഇവിടെ വരുന്നേ എന്ന സംശയം കക്ഷിക്കു. വൈറ്റ് വാട്ടർ റാഫ്റ്റിങ് വിത്ത് ഹോംസ്റ്റേ ആണ് എന്നെ ഷിയാങ് മായ് എത്തിച്ചത് എന്ന് പറഞ്ഞു കൊടുത്തു .നീന്തൽ അറിയാത്തതു കൊണ്ട് മഴക്കാലം ആയതുകൊണ്ടും വൈറ്റ് വാട്ടർ റാഫ്റ്റിങ് അവർ സമ്മതികാഞ്ഞതും വിവരിച്ചു ഞാൻ. 

ആദ്യം തന്നെ ഓർക്കിഡ് നഴ്സറി ആണ് സന്ദർശിച്ചത്. ഓർക്കിഡുകൾ വേര് എവിടെയും മുട്ടാതെ തൂക്കി ഇട്ടിരിക്കുകയാണ്. എന്തോ വളം ചേർത്ത വെള്ളം സ്പ്രേ  ചെയ്യും എന്നോ മറ്റോ പറഞ്ഞു. എല്ലാ കാലത്തും പൂവ് കിട്ടാനും കീടങ്ങളെ ഒഴിവാക്കാനും ആണത്രേ . നല്ല ഭംഗിയുള്ള പൂക്കൾ കുറെ ഉണ്ട്. നല്ലൊരു പാർക്കും .കാടും ചെറിയ വെള്ള ചാട്ടങ്ങളും ഒക്കെ ഉണ്ടാക്കി എടുത്തു നാച്ചുറൽ ഫീലിംഗ് തരുന്നുണ്ട്. പൂമ്പാറ്റകളുടെ പാർക്കും ഉണ്ട്. ഫോട്ടോ എടുക്കാൻ അവയുടെ പിന്നാലെ കുറെ ഓടിയത് മാത്രം മിച്ചം .ഇക്കോ ഫ്രണ്ട്‌ലി ആയ ഒരു റെസ്റ്ററന്റും റെസ്റ്റൂം ഒക്കെ അതിനകത്തു ഉണ്ട്. എടുത്തു പറയേണ്ട കാര്യം ബാത്രൂമിന്റെ വൃത്തി ആണ്. ഹോട്ടലിൽ നിന്നും പൊതിഞ്ഞു തന്ന പ്രാതൽ അവിടെ ഇരുന്നു കഴിച്ചു. മനോഹരമായ, എത്ര സമയം ചിലവഴിച്ചാലും മടുക്കാത്ത, അവിടെ നിന്നും സമയപരിമിതി മൂലം വേഗം പോരേണ്ടി വന്നു. അവിടെ നിന്നും Maetamann elephant camp ലേക്ക് ആണ് പോയത്. 

പണ്ട് മരം കൊണ്ട് ആയിരുന്നു വീടുകളും മറ്റും നിർമിച്ചിരുന്നത്. അന്ന് കാട്ടിൽ  തടി പിടിക്കാൻ ഉപയോഗിച്ചിരുന്ന ആനകളെ, ഇപ്പൊ മരം മുറിക്കൽ നിബന്ധനകൾ വന്ന് പണി ഇല്ലാതെ വന്നപ്പോ പാർപ്പിച്ചിരിക്കുന്ന /സംരക്ഷിച്ചിരിക്കുന്ന സ്ഥലമാണ് അത്. ടൂറിസ്റ്റുകളിൽ നിന്നുള്ള വരുമാനം കൊണ്ട് ആനകളും അവരെ നോക്കുന്നവരും ജീവിക്കുന്നു. Maetaeng നദിയും കാടും ഒക്കെ  ചേർന്നാണ് ക്യാമ്പ് സ്ഥിതി ചെയുന്നത് .ആനകളെ കുളിപ്പിക്കലും ആനഷോ മറ്റും ഉണ്ടായിരുന്നു. കാറ്റിൽ തടി പിടിക്കുന്നതിനേക്കാൾ നല്ലതല്ലേ അവയെ കൊണ്ട് സർക്കസ് കളിപ്പിക്കുന്നത് എന്ന ഗൈഡിന്റെ ന്യായീകരണം ആനകളുടെ ഷോ കണ്ടപ്പോൾ എനിക്ക് തോന്നിയില്ല. അതൊരു പാവം മൃഗം ആണല്ലോ എന്നാണ് അവയെ കൊണ്ട് ഓരോന്നും ചെയ്യിക്കുമ്പോൾ തോന്നിയത്.ഇരുന്നും കിടന്നും, മറിഞ്ഞു ഒറ്റക്കാലിൽ നിന്നും പടം വരച്ചുമൊക്കെ കുറെ നേരം. അത് കഴിഞ്ഞു ആനപ്പുറത്തു വച്ച് കെട്ടിയിട്ടുള്ള ഇരിപ്പിടങ്ങളിൽ ഇരുന്നു കറക്കം. കണ്ട അത്ര സുഖമൊന്നും അല്ല ആനപുറത്തെ യാത്ര എന്നും മനസിലായി. ആടി ഉലഞ്ഞു, കുഞ്ഞു വഴികളിലൂടെ ,കൊക്കകളുടെ സൈഡിലൂടെ പുഴയിലൂടെ ഒക്കെ യാത്ര. കുറെ ആനകൾ ഒന്നിച്ചാണ് റൈഡിനു പോകുന്നത്. തൊട്ടു പിന്നിലെ ആന തുമ്പി കൈകൊണ്ടു ഞങ്ങളെ തോണ്ടിയും  കഴുത്തിൽ തടവി പേടിപ്പിച്ചു എല്ലാം തമാശ കാണിച്ചു ഒരു യാത്ര.ഞങ്ങൾ മാത്രമേ ഇന്ത്യക്കാർ ആയിട്ടു ഉണ്ടായിരുന്നുള്ളു. അതുകൊണ്ടു തന്നെ ഒട്ടൊരു അത്ഭുതത്തോടെ ആണ് മറ്റുള്ളവർ നോക്കിയത്. 

അതിനു ശേഷം കാളവണ്ടിയിൽ ഒരു കറക്കം. ചെറുപ്പത്തിലേ ഓര്മ തന്നു ആ യാത്ര. മോൾക്ക് ഒക്കെ ജീവിതത്തിൽ ഒരിക്കലും കിട്ടാൻ സാധ്യത ഇല്ലാത്ത ഒരു യാത്ര ആണലോ അത്. അത് ഓടിച്ചിരുന്നത് വയസായ ഒരു അമ്മൂമ്മ ആണ്. ആ പ്രായത്തിലും അവർ പണി എടുക്കുന്നത് കണ്ടു വിഷമം തോന്നി. അവിടെ തന്നെ കാടിന്റെ അന്തരീക്ഷതിൽ സ്ത്രീകൾ നടത്തുന്ന ഒരു ഹോട്ടലിൽ  ആയിരുന്നു അന്നത്തെ ഉച്ച ഭക്ഷണം. തായ്‌ഫുഡ് തന്നെ. ബാങ്കോക്കിലും പാട്ടായയിലും കിട്ടിയിരുന്ന ചോറിനു വേറെ ഒരു മടുപ്പിക്കുന്ന രുചിയും മണവും ഉണ്ടായിരുന്നു. പക്ഷെ ഇവിടെ കിട്ടിയ ചോറ് നല്ലതായിരുന്നു. ബുഫേ ആയി ഇഷ്ടംപോലെ ഐറ്റം ഉണ്ടായിരുന്നത് കൊണ്ട് ചിലതൊക്കെ കഴിക്കാൻ കഴിഞ്ഞു. അതിനു ശേഷം നദിയിലൂടെ ചങ്ങാടത്തിൽ യാത്ര ആയിരുന്നു. അധികം കുത്തൊഴുക്ക് ഇല്ലാത്തിടത്തു ഞാനും മോളും ഒക്കെ ചങ്ങാടം തുഴഞ്ഞു. കാടിനു നടുവിലൂടെ പുഴയിൽ നല്ലൊരു യാത്ര ആയിരുന്നു അത്. ചങ്ങാടം എത്തിച്ച സ്ഥലത്തേക്ക് ഞങ്ങളുടെ വണ്ടിയും ഗൈഡും കൂടി വന്നു കാത്തു നില്പുണ്ടായിരുന്നു. അതിൽ കയറി Mae Kompong ഗ്രാമത്തിലേക്ക്. ഇന്നത്തെ രാത്രി അവിടെ ഒരു വീട്ടുകാരുടെ കൂടെ ആണ് താമസം. പോകുന്ന വഴിയിൽ ട്രൈബൽ വില്ലേജിൽ കയറി. കഴുത്തിൽ ലോഹച്ചുറ്റ് ഇട്ടു കഴുത്ത് നീട്ടിയ സ്ത്രീകളെ കാണാൻ .അവരുടെ നെയ്ത്തു കാണാൻ. പല വിഭാഗത്തിൽ ഉള്ള ട്രൈബൽസിന്റെ ഷോപ്പുകൾ അവിടെ ഉണ്ടായിരുന്നു. അവരുടെ തനതായ ഡ്രെസ്സുകൾ, ആഭരണങ്ങൾ ഒക്കേ  വില്പനക്ക് വെച്ചിട്ടുണ്ടായിരുന്നു. അവിടെ തന്നെ ഇരുന്നു നെയ്തു തുണികൾ ഉണ്ടാക്കുന്നു, ബാഗുകൾ ആഭരണങ്ങൾ ഒക്കെ ഉണ്ടാക്കുന്നു. ബാഗുകൾ, ആഭരണങ്ങൾ ഒക്കെ ആയി കുറച്ചു സാധനങ്ങൾ വാങ്ങി ലോഹച്ചുറ്റു കഴുത്തിൽ അണിഞ്ഞു ഫോട്ടോ എല്ലാം എടുത്തു കുറച്ചു നേരം അവിടെ കറങ്ങി നടന്നു. ആ ലോഹച്ചുറ്റിനു 5  കിലോ ഒക്കെ ഭാരം ഉണ്ട്. അതും കഴുത്തിൽ ഇട്ടു നടക്കുന്നവരെ സമ്മതിക്കണം. അത് ഇട്ടില്ലെങ്കിൽ സൗന്ദര്യം ഇല്ല എന്നും, അത് ഇട്ടില്ലെങ്കിൽ പുലി പിടിക്കും എന്നൊക്കെ ആണ് അവരുടെ വിശ്വാസം എന്ന് ഗൈഡ് പറഞ്ഞു തന്നു. അവിടെ നിന്നും നേരെ ഗ്രാമത്തിലേക്കു . 

അതൊരു കാടിന് അടുത്തിട്ടുള്ള ഒരു ഗ്രാമം ആണ്.ചെറിയൊരു ഹില്സ്റ്റേഷൻ.സമുദ്രനിരപ്പിൽ നിന്നും  1300 അടി ഉയരത്തിൽ . അവിടെ മിക്കവാറും വീടുകൾ മരം കൊണ്ട് ആണ്. ഇപ്പൊ പണിയുന്നവ മാത്രേ കോൺക്രീറ്റ് ഉപയോഗിക്കുന്നുള്ളൂ.അധികം വീടുകൾ ഒന്നും കണ്ടില്ല അവിടെ. കുന്നി ചെരുവിൽ ആയി വീടുകൾ . ആ ഗ്രാമത്തിലെ 20 വീട്ടുകാർക്ക് ആണ് ഹോംസ്റ്റേ കൊടുക്കാനുള്ള പെർമിഷൻ ഉള്ളു. ഓരോരുത്തരുടെ ഊഴം അനുസരിച്ചു ടൂറിസ്റ്റുകളെ ഓരോ വീട്ടുകാർക്ക് കിട്ടും.ഞങ്ങൾക്ക് കിട്ടിയ വീട്ടിൽ 'അമ്മ വിവാഹം കഴിഞ്ഞ മകൾ, ചെറിയ മകൻ മോൾടെ ഭർത്താവു ആണ് ഉണ്ടായിരുന്നത്. മരത്തിൽ രണ്ടു നിലയിൽ പണിത വീട്. ഞങ്ങൾക്ക് മുകളിലെ രണ്ടു മുറിയും ഹാളും ഒക്കെ ഉള്ള ഭാഗത്താണ് താമസിക്കാൻ തന്നത്. ഫാനും ac ഒന്നും ഇല്ല. ആവശ്യവും ഇല്ല. നല്ല തണുത്ത  കാലാവസ്ഥ ആണ്. മഴയും ഉണ്ടായിരുന്നു. താഴത്തെ നിലയിൽ ഒരു ഹാളും, കിടപ്പു മുറിയും അടുക്കളയും രണ്ടും ബാത്‌റൂമും പിറകു വശത്തു ഒരു ബാല്കണിയും. ആ ബാൽക്കണിയിൽ ആണ് മരം മുറിച്ചു അങ്ങനെ തന്നെ നാല് കാലു മാത്രം പിടിപ്പിച്ച ഊണു മേശ വച്ചിരിക്കുന്നത്. കാര്യമായ ഫർണിച്ചർ ഒന്നും ഇല്ല ആ വീട്ടിൽ. പോകുന്ന വഴി തന്നെ മാർക്കറ്റിൽ ഇറങ്ങി ഡ്രൈവറും ഗൈഡും കൂടി വെജിറ്റബിൾസ് ചിക്കൻ ഒക്കെ വാങ്ങി വച്ചിട്ടുണ്ട്. കുപ്പിയും. വൈകുന്നേരം ആയി അവിടെ എത്തുമ്പോ. ഇംഗ്ലീഷ് കാര്യമായി വീട്ടുകാർക്ക് അറിയില്ല. ഗൈഡ് വഴി ആണ് ഞങ്ങളുടെ കമ്മ്യൂണിക്കേഷൻ .വീട്ടുകാരും ഡ്രൈവർ ഗൈഡ് ഒക്കെ കൂടി കിച്ചണിൽ കയറി രാത്രിക്കുള്ള ഭക്ഷണം തയ്യാറാകാൻ തുടങ്ങി. ഞങ്ങൾ കുളിക്കാനും മറ്റും ഒരുങ്ങി. ഈ യാത്രയിൽ എനിക്ക് പിടിക്കാഞ്ഞ ഒരേ ഒരു കാര്യം അവിടത്തെ ബാത്‌റൂം ആണ്. രണ്ടു ബാത്രൂമിൽ ഒരെണ്ണം ടൈൽസ് ഒക്കെ ഇട്ടു വൃത്തി ആയി വച്ചിട്ടുണ്ട്. മറ്റേതു ആകെ മടുപ്പിക്കുന്ന ഒരെണ്ണവും. നല്ല ബാത്രൂമിൽ ചൂട് വെള്ളം ഇല്ല. അതുകൊണ്ടു കുളിയൊക്കെ വൃത്തി ഇല്ലാത്ത ബാത്രൂമിൽ തന്നെ ചെയ്യേണ്ടി വന്നു. കുളിക്കുന്നതിന് ഇടക്ക്  വെള്ളം ഇല്ലാതായതും മറ്റും എന്നെ ദേഷ്യ പിടിപ്പിച്ചു. ആ ദേഷ്യം കാരണം അടുക്കളയിൽ കയറി അവരുടെ കൂടെ കൂടാനോ, സംസാരിക്കാനോ ഒന്നും തോന്നിയില്ല. അപ്പോഴേക്കും കുറച്ചു പ്രായം ഉള്ള  ഒരു സ്ത്രീ വന്നു, മസ്സാജിനു . ഞങ്ങളുടെ വീട്ടുകാരിയുടെ  കൂട്ടുക്കാരി ആണു. മസ്സാജിനു ആളെ കിട്ടുമോയെന്നു  നേരത്തെ ഞാൻ അവരോട് ചോദിച്ചിരുന്നു . എണ്ണയൊക്കെ ഇട്ടു നല്ല സുഖമുള്ള മസ്സാജ് ആവും എന്നൊക്കെ വിചാരിച്ച കിടന്നേ. പക്ഷെ ഇത് ഒറിജിനൽ തായ് മസ്സാജ്. എന്നെ  ഒടിച്ചു മടക്കി എടുത്തു. അത്യാവശ്യം വേദന എടുത്ത്. അതൊക്കെ കഴിഞ്ഞപ്പോഴേക്കും ഫുഡ് റെഡി ആയി. ബാൽക്കണിയിൽ ഇരുന്നു മഴയും കണ്ടു കഴിച്ചു. ചോറും, തേങ്ങാപ്പാലിൽ വച്ച ചിക്കനും, പുളിയിട്ടു വച്ച മീൻകറിയും, മുളപ്പിച്ച പയർ കൊണ്ട് ഒരു കറിയും, പിന്നെ നമ്മുടെ ഇലുമ്പൻപുളി പോലെ ഒരു വെജിറ്റബിൾ കൊണ്ടൊരു കറിയും. മീനും ചിക്കനും ഞാൻ കഴിച്ചില്ല. ബാക്കി കൊണ്ട് ചോറ് കഴിച്ചു. മീൻ പുളി കൂടുതൽ കൊണ്ടും, ചിക്കൻ എരിവ് ഇല്ലാതെയും കഴിക്കാൻ പറ്റുന്നില്ല എന്ന് ഗോപിയേട്ടനും മോളും പറഞ്ഞു. ചിക്കൻ മുളകിട്ടു  വക്കുന്നത് എങ്ങനെ എന്നൊക്കെ പറഞ്ഞു കൊടുത്തു. കുറച്ചു നേരം അവിടെ ഇരുന്നു സംസാരിച്ചു, പിറ്റേ ദിവസം പ്രാതലിനു എന്തൊക്കെ  വേണം എന്നൊക്കെ ചോദിച്ചു .ബ്രെഡ് മുട്ട ഒക്കെ ആക്കിക്കോളാൻ പറഞ്ഞു . രാവിലെ നേരത്തെ എണീറ്റതും പകൽ മുഴുവൻ യാത്രയും, പിന്നെ  മസാജ് ഒക്കെ ,കാരണം നല്ല ക്ഷീണം ഉണ്ടായിരുന്നു. കിടന്നതേ ഉറങ്ങി പോയി.             

No comments:

Post a Comment