Saturday 6 August 2016

തായ്ലാലാൻഡ് -പാർട്ട് 1

തായ്‌ലാന്റിലൂടെ 

തായ്‌ലാന്റ് എന്റെ മനസിലെ കാണാൻ ആഗ്രഹിച്ചിരുന്ന ഒരു സ്ഥലമേ അല്ലായിരുന്നു. അവിടെ കള്ളും പെണ്ണും ടുറിസം ആണ് മെയിൻ ആയി ഉള്ളത് എന്നൊരു ചിന്ത മനസ്സിൽ ഊന്നിയതു് കൊണ്ട് ആണ് അങ്ങോട്ട് ഒരു പ്ലാൻ ഒരിക്കലും മനസ്സിൽ ഇല്ലാതിരുന്നതു . ആ ചിന്ത എന്റെ മാത്രം അല്ല ,പലരുടെയും മനസ്സിൽ ഉണ്ടെന്നു അറിയാം. അങ്ങോട്ട് ഫാമിലി ടൂർ പോകുമോ എന്ന് ചോദിച്ച കുറെ ആളുകൾ ഉണ്ട്. ഫാമിലി ടൂർ പോകാനും, ബാച്ചിലേഴ്‌സ് നു ആര്മാദിക്കാനും പറ്റുന്ന ഒരു സ്ഥലമാണ് തായ്. എടുത്തു പറയേണ്ട കാര്യം അവർ ടുറിസത്തിനു കൊടുക്കുന്ന പ്രാധാന്യം ആണ്.ഓരോ കാര്യവും 100 % പെർഫെക്ട് . ആദിത്യ മര്യാദ കണ്ടു പഠിക്കേണ്ടത് ആണ് .അതുപോലെ തന്നെ എല്ലായിടത്തും ഉള്ള സ്ത്രീ പ്രാതിനിധ്യം .അത് കണ്ടു ഒരു പാട് സന്തോഷം തോന്നി. എല്ലാ മേഖലയിലും  ഏതു പാതിരാത്രിയും സ്ത്രീകൾ ജോലി ചെയുന്നു, അതും തന്റെടത്തോടെ. ഞാൻ എന്റെ കാലിൽ നില്കുന്നു എന്ന, ആത്മവിശ്വാസത്തോടെ. സ്ത്രീകൾക്കു ആണ് അവിടെ കൂടുതൽ സ്ഥാനവും മുൻതൂക്കവും എന്ന് തോന്നി. അതുപോലെ തന്നെ punctuality. ഒരു നാട് ടുറിസം ഫ്രണ്ട്‌ലി ആവുന്നത് എങ്ങനെ എന്ന് അവരെ കണ്ടു പഠിക്കണം. (ഭാവിയിൽ ഞാൻ തുടങ്ങുന്ന ടൂറിസം പരിപാടിക്ക് അവരിൽ നിന്ന് പഠിക്കാൻ ഒന്നു കൂടെ പോകണം ;) )

പ്ലാനിങ്ങിന്റെ കാര്യം ഒക്കെ വേറെ ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു 

ബഹറിനിൽ നിന്നും ജെറ്റ് എയർവേയ്‌സ് നു ആണ് പോയത്.മുംബൈയിൽ  നാല് മണിക്കൂർ ഇരുന്നതിനു ശേഷം നേരെ ബാങ്കോക്ക് സുവര്ണഭൂമി എയർപോർട്ടിൽ. ഇത്രയും വലിയ എയര്പോര്ട് ആദ്യമായി കണ്ട സന്തോഷത്തിൽ ഗോപിയേട്ടനിലെ എൻജിനീയർ ഉണർന്നു. അതിന്റെ സ്റ്റീൽ സ്ട്രക്ചർ ഫോട്ടോ എടുത്ത ഗോപിയേട്ടനെ കൊണ്ട് അത് അവർ ഡിലീറ്റ് ചെയ്യിച്ച്. ഓണ് അറൈവൽ വിസ വളരെ പെട്ടെന്നു തന്നെ കിട്ടി, അവരുടെ സൈറ്റിൽ പറഞ്ഞിട്ടുള്ള സൈസ് ഫോട്ടോ , ബാക്കി പേപ്പേഴ്സ് ഒക്കെ കയ്യിൽ ഉണ്ടെങ്കിൽ പെട്ടെന്നു തന്നെ വിസ കിട്ടും. 

പുറത്തു ഞങ്ങളെ കാത്തു ഡ്രൈവർ  നിന്നിരുന്നു. വളരെ സ്മാർട് ആയ സ്ത്രീ. 45 ലും അവിവാഹിത. വിവാഹം കഴിഞ്ഞില്ലെങ്കിൽ ജീവിതമേ പോയി എന്ന് ചിന്തിക്കുന്ന നമ്മുടെ ആളുകളുടെ ആറ്റിട്യൂടും  അവരുടെ ആറ്റിട്യൂടും  വളരെ വെത്യാസം. അവിടെ ഇപ്പൊ ആണുങ്ങൾ കുറവ് ആയതും, സ്ത്രീകൾ സ്വന്തം കാലിൽ നിന്ന് ജീവിക്കുന്നതും കൊണ്ട് വിവാഹങ്ങൾ കുറഞ്ഞു വരുന്നു എന്ന അവർ പറഞ്ഞത്. 40  കളിൽ  ഒക്കെ ആണ് വിവാഹം പലപ്പോഴും. അവിടെ മിക്കവാറും എല്ലാ ബിൽഡിങ്ങിലും കാർപാർക്കിനു ഇഷ്ടം പോലെ സ്‌പേസ് ഇട്ടിട്ടുണ്ട്. അവർ നടക്കാൻ മടിയന്മാർ ആണത്രേ. 

ട്രാഫിക് ബ്ലോക്ക് നല്ലപോലെ ഉണ്ട് പലയിടത്തും. അതൊക്കെ 2  മണിക്കൂർ (40 km ) എടുത്തു  കവർ ചെയ്തു ഹോട്ടൽ റൂമിൽ ചെക്ക് ഇൻ ചെയ്തു .കുളിയൊക്കെ കഴിയുമ്പോഴേക്കും അവിടത്തെ കൂട്ടുകാരി ജീയാബ് കാണാൻ വന്നു. അവളേം കൂട്ടി മെട്രോ കേറി നൈറ്റ് മാർക്കറ്റ് കാണാൻ. പകൽ മുഴുവൻ പണി എടുത്തു, രാത്രികൾ ആർമ്മാദിക്കുക എന്നതാണ് അവരുടെ ജീവിതം എന്നാ എനിക്ക് തോന്നിയത്. വളരെ വില കുറവിൽ സാധനങ്ങൾ ആ മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്നുണ്ട്. കുറെ നേരം കറങ്ങി നടന്നു, തായ്‌ഫുഡ് കഴിക്കണം എന്ന് ആഗ്രഹം എങ്കിലും അവസാനം ഒരു ഇന്ത്യൻ റസ്റ്ററന്റിൽ തന്നെ കയറി ഫുഡ് അടിച്ചു. ഇടക്ക് സ്ട്രീറ്റിൽ നിന്നും വാങ്ങി തിന്ന സ്റ്റിക്കിറൈസ് വിത്ത് മാങ്കോ സൂപ്പർ ആയിരുന്നു ട്ടാ. തിരിച്ചു വന്നു ഒരു നല്ല ഉറക്കം.

രാവിലെ ഹോട്ടലിൽ നിന്ന് തന്നെ പ്രാതൽ കഴിച്ചു 8 ആവുമ്പോഴേക്കും ഗൈഡും ഡ്രൈവറും കൂടി വന്നു .ബാങ്കോക്ക് ചുറ്റി കാണാൻ ഇറങ്ങി. wat Trimitr  (ഗോൾഡൻ ബുദ്ധ അമ്പലം) ആണ് ആദ്യം പോയത്. 5 .5 ton ആണ് ആ പ്രതിമയുടെ ഭാരം. 13 -14 നൂറ്റാണ്ടിൽ ഉണ്ടാക്കിയതാവാം എന്നാണു പറയപ്പെടുന്നത്. പണ്ട്  ആയുതയ്യ ആയിരുന്നു രാജ്യ തലസ്ഥാനം, പിനീട് ബർമൻ ആക്രമണം വന്നപ്പോൾ രാജാവും മറ്റും ബാങ്കോക്കിലേക്കു ഓടി വന്നു പുതിയ നഗരം ഉണ്ടാക്കി , തലസ്ഥാനം ബാങ്കോക് ആക്കി. ഈ വിഗ്രഹം മോഷ്ടിക്കപ്പെടാതെ ഇരിക്കാൻ stucco കൊണ്ട് പൊതിഞ്ഞു വച്ചിരിക്കുകയായിരുന്നു. പിനീട് ഈ വിഗ്രഹം ബാങ്കോക്കിലെ ബുദ്ധക്ഷേത്രത്തിൽ (സ്വർണമെന്നു അറിയാതെ തന്നെ ) സ്ഥാപിക്കാൻ കൊണ്ട് വന്നു .200 വർഷത്തോളം സ്വർണവിഗ്രഹം എന്ന് തിരിച്ചു അറിയപ്പെടാതെ തന്നെ ഇരുന്നു, 1954 ഇത് പുതിയ ഒരു അമ്പലത്തിലേക്ക് മാറ്റുന്നതിന് ഇടയിൽ വീണു, കവറിങ് പൊളിഞ്ഞപ്പോ ആണ് ഉള്ളിലെ സ്വർണവിഗ്രഹം കാണുന്നത്. 2010 ലാണ് ഇപ്പൊ ഉള്ള പുതിയ അമ്പലം പണിതു അതിലേക്കു മാറ്റി സ്ഥാപിച്ചത് .












പിന്നെ wat pho  (റിക്ലൈൻഡ് ബുദ്ധ ), ഗ്രാൻഡ് പാലസ് ഒക്കെ കണ്ടു . 46  മീറ്റർ നീളത്തിൽ കിടക്കുന്ന ബുദ്ധ പ്രതിമ തന്നെ ആണ് wat pho യിലെ ആകർഷണം. മഞ്ഞ കളർ ബുദ്ധന്മാരെ കണ്ടു കണ്ണ് മഞ്ഞളിച്ചു പോകും. പാലസ് മനോഹരമായ ഒരു ബിൽഡിങ് ആണ്. എല്ലായിടത്തും സൗന്ദര്യം നിറഞ്ഞൊഴുകുന്നുണ്ട്. ചുമർ ചിത്രങ്ങളിൽ രാമകഥ വരച്ചു വച്ചിരിക്കുന്നു. നമ്മുടെ രാമനെയും  സീതയെ ഒക്കെ അവർ അങ്ങ് ദത്തെടുത്തിരിക്കുന്നു. അവർക്കു അവരുടെ രാജാവ് രാമൻ എന്നാണ് അറിയപ്പെടുന്നത്. പല രാജാക്കന്മാർ പണി കഴിപ്പിച്ച പല വിഹാരങ്ങളും മറ്റും ലോകത്തിന്റെ പലയിടത്തു നിന്നും കൊണ്ട് വന്ന സാധങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വളരെ നന്നായി അതൊക്കെ ഇപ്പോഴും മെയിന്റൈൻ ചെയുന്നും  ഉണ്ട്. 


emarald bhudha temple കൂടി കണ്ടു. ഉച്ചക്ക് എന്തൊക്കെയോ പച്ചില ഫുഡ് തിന്നു ബോട്ടിങ് നു പോയി. chao phraya നദിയിലൂടെ ചെറിയ കനാലിലൂടെ ചോൻഭൂരി വില്ലേജ് ഭാഗത്തേക്ക് ലോങ്ങ് ടെയിൽ ബോട്ടിൽ. കനാലിനു സൈഡിലെ വീടുകൾ, കടകൾ എല്ലാം തൂണുകളിൽ, കനാലിനു ഉള്ളിൽ ആണ് നില്കുന്നത്. വളരെ മനോഹരമായ കാഴ്ച സമ്മാനിച്ച് ആ ബോട്ട് യാത്ര. പഴയ കാല ജീവിതത്തിന്റെ നേർക്കാഴ്ചകൾ കാണിച്ചു തരുണുണ്ടായിരുന്നു.ഇടയ്ക്കു ബോട്ടിൽ വന്നു കച്ചവടകാരികൾ സാധനങ്ങൾ വാങ്ങാൻ നിർബന്ധിച്ചു. അവിടെ നിന്ന് നേരെ wat arun  കാണാൻ ഇറങ്ങി. ചൈനീസ് പോർസലിൻ കൊണ്ട് ആണ് അതിന്റെ ഭിത്തികൾ അലങ്കരിച്ചിരിക്കുന്നത്. ഞങ്ങൾ സന്ദർശിക്കുന്ന സമയത്തു അവിടെ അതിന്റെ മെയിന്റനൻസ് പണികൾ നടക്കുക ആയിരുന്നു. ആദ്യ സൂര്യ വെളിച്ചം എത്തുന്നത് അതിന്മേൽ ആണെന്നാണ് പറയപ്പെടുന്നത്. അതാണ് സൂര്യ ഭഗവാന്റെ പേര് ആ അമ്പലത്തിനു കിട്ടിയത്.




അവിടെ നിന്ന് നദി കടന്നു വീണ്ടും ഹോട്ടലിൽ എത്തി, ചെറിയ ഒരു റെസ്റ്റും കുഞ്ഞു കുളിയും കഴിഞ്ഞു രാത്രിയിലെ ക്രൂയിസ് ഡിന്നറിനു പോകാൻ റെഡി ആയി. പറഞ്ഞ സമയത്തു തന്നെ അതിന്റെ ആൾകാർ വന്നു ഹോട്ടലിൽ നിന്നും പിക്ക് ചെയ്തു .ഷിപ്പ്  പുറപ്പെടുന്ന അവിടുള്ള മാളിൽ എത്തിയപ്പോ ആണ് മലയാളികൾ ഉൾപ്പെടെ ഇത്ര അധികം ഇന്ത്യക്കാർ ടൂറിസ്റ്റ് ആയി എത്തുന്നത് മനസിലായത്. പല ഷിപ്പുകളിലേക്കു ആയി പൂരത്തിന്റെ ജനങ്ങൾ ഉണ്ടായിരുന്നു. നാട്ടിലെ ബസിലും,കല്യാണങ്ങൾക്കും ഇടിച്ചു കേറി പരിചയം ഉള്ളത് കൊണ്ട് മോശമില്ലാത്ത ഇടിച്ചു കയറി ,നുമ്മ സ്വന്തം സീറ്റിൽ ഉറപ്പിച്ചു. രണ്ടു നിലയിലും ഡിന്നർ ഒരുകീട്ടുണ്ട്. ഞങ്ങൾ താഴത്തെ നിലയിൽ ആയിരുന്നു. അവിടെ മുഴുവൻ ഇന്ത്യക്കാർ ആയിരുന്നു, ഇന്ത്യൻ ഫുഡ് ആയിരുന്നു കൂടുതലും. ഗംഭീര ഡിന്നറും, പാട്ടും ഡാൻസും ബാങ്കോക്കിന്റെ  രാത്രി  കാഴ്ചകളും ആയി നദിയിലൂടെ ഒരു ഗംഭീര യാത്ര. ജീവിതത്തിൽ മറക്കാനാവാത്ത ഒരു രാത്രി. പകൽ കറങ്ങിയ അമ്പലങ്ങളും പാലസ് എല്ലാം ലൈറ്റിൽ മനോഹാരികൾ ആയി നിൽക്കുന്ന കാഴ്ച , രാത്രികൾ തന്നെയാ സുന്ദരികൾ എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.










തിരിച്ചു ഹോട്ടലിലേക്ക്. നല്ലൊരു ഉറക്കം .
.



 

No comments:

Post a Comment