Sunday 14 August 2016

തായ്ലാന്റിലൂടെ - പാർട്ട് 4 

പിറ്റേന്നു പുലർച്ചെ എഴുനേറ്റു. ഇനിയുള്ള കറക്കങ്ങൾ ഷിയാങ്ങ്മായിൽ ആണ്. അങ്ങോട്ട് പട്ടയ നിന്നും 800 അധികം കിലോമീറ്റർ ദൂരം ഉണ്ട്. ഫ്‌ളൈറ്റിൽ ഒന്നേകാൽ മണിക്കൂർ യാത്ര .രാവിലെ 6.30 ക്കു ആണ് ഫ്ലൈറ്റ് .4 മണിക്ക് മുന്നേ തന്നെ ടാക്സി ഡ്രൈവർ  (സ്ത്രീ) വന്നു ലോബിയിൽ കാത്തു നിൽക്കുന്നുണ്ട്. ഹോട്ടൽ വെക്കേറ്റ് ചെയ്തു എയർപോർട്ടിലേക്ക് .അവിടെ നിന്നും എയർ ഏഷ്യ ഫ്ലൈറ്റിൽ ഷിയാങ് മായ് .ബുദ്ധ് സന്യാസിമാർക്കു que ഒന്നും നിൽക്കേണ്ട ഒരിടത്തും. അവരെ ആണ് ആദ്യമേ കടത്തി വിടുന്നത് .പട്ടയക്കു ഓരോ ആവശ്യങ്ങൾക്ക് വന്നിട്ടുള്ള ഷിയാങ് മായ് ലോക്കൽ ആളുകൾ ആണ് കൂടുതലും.ടൂറിസ്റ്റുകൾ ആയി ഞങ്ങൾ മാത്രേ ഉണ്ടായിരുന്നുള്ളു. ഷിയാങ് മായ് തായ്ലാന്റിന്റെ ഉൾപ്രദേശം ആണ് . കാടും മലകളും വയലുകളും  നദികളും ഒക്കെ ആയിട്ടുള്ള പ്രദേശം. സാധാരണ ഇന്ത്യൻ ടൂറിസ്റ്റുകൾ ഒന്നും ആ വഴി പോകാറില്ല. അതുകൊണ്ടു തന്നെ ഞങ്ങളെ കണ്ടപ്പോൾ മിക്കവർക്കും അത്ഭുതം ആയിരുന്നു. അത്യാവശ്യം വലിയ ഒരു എയര്പോര്ട് ആണ് ഷിയാങ് മായ്. ഞങ്ങളെ കാത്തു ഡ്രൈവറും ഗൈഡും നിന്നിരുന്നു. ഗൈഡ്  ഒരു അമ്പതുകാരൻ. കക്ഷി തന്നെ ആണ് അവിടത്തെ ട്രാവൽ ഏജന്റും. പൊതുവെ ബുദ്ധിസ്റ്റുകൾ നല്ല ആളുകൾ ആണെന്ന് തോന്നി. നല്ല പെരുമാറ്റം. കക്ഷി അന്നത്തെ യാത്ര പ്ലാനുകളും മറ്റും വിവരിച്ചു തന്നു. ഓർക്കിഡ് ഗാർഡൻ, എലിഫന്റ് പാർക്ക് ഒക്കെ ആണ് അന്നത്തെ യാത്ര. ആനകളുടെ നാട്ടിൽ നിന്നും വരുന്ന നിങ്ങൾ ഇന്ത്യക്കാർ എന്താ ഇവിടെ വരുന്നേ എന്ന സംശയം കക്ഷിക്കു. വൈറ്റ് വാട്ടർ റാഫ്റ്റിങ് വിത്ത് ഹോംസ്റ്റേ ആണ് എന്നെ ഷിയാങ് മായ് എത്തിച്ചത് എന്ന് പറഞ്ഞു കൊടുത്തു .നീന്തൽ അറിയാത്തതു കൊണ്ട് മഴക്കാലം ആയതുകൊണ്ടും വൈറ്റ് വാട്ടർ റാഫ്റ്റിങ് അവർ സമ്മതികാഞ്ഞതും വിവരിച്ചു ഞാൻ. 

ആദ്യം തന്നെ ഓർക്കിഡ് നഴ്സറി ആണ് സന്ദർശിച്ചത്. ഓർക്കിഡുകൾ വേര് എവിടെയും മുട്ടാതെ തൂക്കി ഇട്ടിരിക്കുകയാണ്. എന്തോ വളം ചേർത്ത വെള്ളം സ്പ്രേ  ചെയ്യും എന്നോ മറ്റോ പറഞ്ഞു. എല്ലാ കാലത്തും പൂവ് കിട്ടാനും കീടങ്ങളെ ഒഴിവാക്കാനും ആണത്രേ . നല്ല ഭംഗിയുള്ള പൂക്കൾ കുറെ ഉണ്ട്. നല്ലൊരു പാർക്കും .കാടും ചെറിയ വെള്ള ചാട്ടങ്ങളും ഒക്കെ ഉണ്ടാക്കി എടുത്തു നാച്ചുറൽ ഫീലിംഗ് തരുന്നുണ്ട്. പൂമ്പാറ്റകളുടെ പാർക്കും ഉണ്ട്. ഫോട്ടോ എടുക്കാൻ അവയുടെ പിന്നാലെ കുറെ ഓടിയത് മാത്രം മിച്ചം .ഇക്കോ ഫ്രണ്ട്‌ലി ആയ ഒരു റെസ്റ്ററന്റും റെസ്റ്റൂം ഒക്കെ അതിനകത്തു ഉണ്ട്. എടുത്തു പറയേണ്ട കാര്യം ബാത്രൂമിന്റെ വൃത്തി ആണ്. ഹോട്ടലിൽ നിന്നും പൊതിഞ്ഞു തന്ന പ്രാതൽ അവിടെ ഇരുന്നു കഴിച്ചു. മനോഹരമായ, എത്ര സമയം ചിലവഴിച്ചാലും മടുക്കാത്ത, അവിടെ നിന്നും സമയപരിമിതി മൂലം വേഗം പോരേണ്ടി വന്നു. അവിടെ നിന്നും Maetamann elephant camp ലേക്ക് ആണ് പോയത്. 

പണ്ട് മരം കൊണ്ട് ആയിരുന്നു വീടുകളും മറ്റും നിർമിച്ചിരുന്നത്. അന്ന് കാട്ടിൽ  തടി പിടിക്കാൻ ഉപയോഗിച്ചിരുന്ന ആനകളെ, ഇപ്പൊ മരം മുറിക്കൽ നിബന്ധനകൾ വന്ന് പണി ഇല്ലാതെ വന്നപ്പോ പാർപ്പിച്ചിരിക്കുന്ന /സംരക്ഷിച്ചിരിക്കുന്ന സ്ഥലമാണ് അത്. ടൂറിസ്റ്റുകളിൽ നിന്നുള്ള വരുമാനം കൊണ്ട് ആനകളും അവരെ നോക്കുന്നവരും ജീവിക്കുന്നു. Maetaeng നദിയും കാടും ഒക്കെ  ചേർന്നാണ് ക്യാമ്പ് സ്ഥിതി ചെയുന്നത് .ആനകളെ കുളിപ്പിക്കലും ആനഷോ മറ്റും ഉണ്ടായിരുന്നു. കാറ്റിൽ തടി പിടിക്കുന്നതിനേക്കാൾ നല്ലതല്ലേ അവയെ കൊണ്ട് സർക്കസ് കളിപ്പിക്കുന്നത് എന്ന ഗൈഡിന്റെ ന്യായീകരണം ആനകളുടെ ഷോ കണ്ടപ്പോൾ എനിക്ക് തോന്നിയില്ല. അതൊരു പാവം മൃഗം ആണല്ലോ എന്നാണ് അവയെ കൊണ്ട് ഓരോന്നും ചെയ്യിക്കുമ്പോൾ തോന്നിയത്.ഇരുന്നും കിടന്നും, മറിഞ്ഞു ഒറ്റക്കാലിൽ നിന്നും പടം വരച്ചുമൊക്കെ കുറെ നേരം. അത് കഴിഞ്ഞു ആനപ്പുറത്തു വച്ച് കെട്ടിയിട്ടുള്ള ഇരിപ്പിടങ്ങളിൽ ഇരുന്നു കറക്കം. കണ്ട അത്ര സുഖമൊന്നും അല്ല ആനപുറത്തെ യാത്ര എന്നും മനസിലായി. ആടി ഉലഞ്ഞു, കുഞ്ഞു വഴികളിലൂടെ ,കൊക്കകളുടെ സൈഡിലൂടെ പുഴയിലൂടെ ഒക്കെ യാത്ര. കുറെ ആനകൾ ഒന്നിച്ചാണ് റൈഡിനു പോകുന്നത്. തൊട്ടു പിന്നിലെ ആന തുമ്പി കൈകൊണ്ടു ഞങ്ങളെ തോണ്ടിയും  കഴുത്തിൽ തടവി പേടിപ്പിച്ചു എല്ലാം തമാശ കാണിച്ചു ഒരു യാത്ര.ഞങ്ങൾ മാത്രമേ ഇന്ത്യക്കാർ ആയിട്ടു ഉണ്ടായിരുന്നുള്ളു. അതുകൊണ്ടു തന്നെ ഒട്ടൊരു അത്ഭുതത്തോടെ ആണ് മറ്റുള്ളവർ നോക്കിയത്. 

അതിനു ശേഷം കാളവണ്ടിയിൽ ഒരു കറക്കം. ചെറുപ്പത്തിലേ ഓര്മ തന്നു ആ യാത്ര. മോൾക്ക് ഒക്കെ ജീവിതത്തിൽ ഒരിക്കലും കിട്ടാൻ സാധ്യത ഇല്ലാത്ത ഒരു യാത്ര ആണലോ അത്. അത് ഓടിച്ചിരുന്നത് വയസായ ഒരു അമ്മൂമ്മ ആണ്. ആ പ്രായത്തിലും അവർ പണി എടുക്കുന്നത് കണ്ടു വിഷമം തോന്നി. അവിടെ തന്നെ കാടിന്റെ അന്തരീക്ഷതിൽ സ്ത്രീകൾ നടത്തുന്ന ഒരു ഹോട്ടലിൽ  ആയിരുന്നു അന്നത്തെ ഉച്ച ഭക്ഷണം. തായ്‌ഫുഡ് തന്നെ. ബാങ്കോക്കിലും പാട്ടായയിലും കിട്ടിയിരുന്ന ചോറിനു വേറെ ഒരു മടുപ്പിക്കുന്ന രുചിയും മണവും ഉണ്ടായിരുന്നു. പക്ഷെ ഇവിടെ കിട്ടിയ ചോറ് നല്ലതായിരുന്നു. ബുഫേ ആയി ഇഷ്ടംപോലെ ഐറ്റം ഉണ്ടായിരുന്നത് കൊണ്ട് ചിലതൊക്കെ കഴിക്കാൻ കഴിഞ്ഞു. അതിനു ശേഷം നദിയിലൂടെ ചങ്ങാടത്തിൽ യാത്ര ആയിരുന്നു. അധികം കുത്തൊഴുക്ക് ഇല്ലാത്തിടത്തു ഞാനും മോളും ഒക്കെ ചങ്ങാടം തുഴഞ്ഞു. കാടിനു നടുവിലൂടെ പുഴയിൽ നല്ലൊരു യാത്ര ആയിരുന്നു അത്. ചങ്ങാടം എത്തിച്ച സ്ഥലത്തേക്ക് ഞങ്ങളുടെ വണ്ടിയും ഗൈഡും കൂടി വന്നു കാത്തു നില്പുണ്ടായിരുന്നു. അതിൽ കയറി Mae Kompong ഗ്രാമത്തിലേക്ക്. ഇന്നത്തെ രാത്രി അവിടെ ഒരു വീട്ടുകാരുടെ കൂടെ ആണ് താമസം. പോകുന്ന വഴിയിൽ ട്രൈബൽ വില്ലേജിൽ കയറി. കഴുത്തിൽ ലോഹച്ചുറ്റ് ഇട്ടു കഴുത്ത് നീട്ടിയ സ്ത്രീകളെ കാണാൻ .അവരുടെ നെയ്ത്തു കാണാൻ. പല വിഭാഗത്തിൽ ഉള്ള ട്രൈബൽസിന്റെ ഷോപ്പുകൾ അവിടെ ഉണ്ടായിരുന്നു. അവരുടെ തനതായ ഡ്രെസ്സുകൾ, ആഭരണങ്ങൾ ഒക്കേ  വില്പനക്ക് വെച്ചിട്ടുണ്ടായിരുന്നു. അവിടെ തന്നെ ഇരുന്നു നെയ്തു തുണികൾ ഉണ്ടാക്കുന്നു, ബാഗുകൾ ആഭരണങ്ങൾ ഒക്കെ ഉണ്ടാക്കുന്നു. ബാഗുകൾ, ആഭരണങ്ങൾ ഒക്കെ ആയി കുറച്ചു സാധനങ്ങൾ വാങ്ങി ലോഹച്ചുറ്റു കഴുത്തിൽ അണിഞ്ഞു ഫോട്ടോ എല്ലാം എടുത്തു കുറച്ചു നേരം അവിടെ കറങ്ങി നടന്നു. ആ ലോഹച്ചുറ്റിനു 5  കിലോ ഒക്കെ ഭാരം ഉണ്ട്. അതും കഴുത്തിൽ ഇട്ടു നടക്കുന്നവരെ സമ്മതിക്കണം. അത് ഇട്ടില്ലെങ്കിൽ സൗന്ദര്യം ഇല്ല എന്നും, അത് ഇട്ടില്ലെങ്കിൽ പുലി പിടിക്കും എന്നൊക്കെ ആണ് അവരുടെ വിശ്വാസം എന്ന് ഗൈഡ് പറഞ്ഞു തന്നു. അവിടെ നിന്നും നേരെ ഗ്രാമത്തിലേക്കു . 

അതൊരു കാടിന് അടുത്തിട്ടുള്ള ഒരു ഗ്രാമം ആണ്.ചെറിയൊരു ഹില്സ്റ്റേഷൻ.സമുദ്രനിരപ്പിൽ നിന്നും  1300 അടി ഉയരത്തിൽ . അവിടെ മിക്കവാറും വീടുകൾ മരം കൊണ്ട് ആണ്. ഇപ്പൊ പണിയുന്നവ മാത്രേ കോൺക്രീറ്റ് ഉപയോഗിക്കുന്നുള്ളൂ.അധികം വീടുകൾ ഒന്നും കണ്ടില്ല അവിടെ. കുന്നി ചെരുവിൽ ആയി വീടുകൾ . ആ ഗ്രാമത്തിലെ 20 വീട്ടുകാർക്ക് ആണ് ഹോംസ്റ്റേ കൊടുക്കാനുള്ള പെർമിഷൻ ഉള്ളു. ഓരോരുത്തരുടെ ഊഴം അനുസരിച്ചു ടൂറിസ്റ്റുകളെ ഓരോ വീട്ടുകാർക്ക് കിട്ടും.ഞങ്ങൾക്ക് കിട്ടിയ വീട്ടിൽ 'അമ്മ വിവാഹം കഴിഞ്ഞ മകൾ, ചെറിയ മകൻ മോൾടെ ഭർത്താവു ആണ് ഉണ്ടായിരുന്നത്. മരത്തിൽ രണ്ടു നിലയിൽ പണിത വീട്. ഞങ്ങൾക്ക് മുകളിലെ രണ്ടു മുറിയും ഹാളും ഒക്കെ ഉള്ള ഭാഗത്താണ് താമസിക്കാൻ തന്നത്. ഫാനും ac ഒന്നും ഇല്ല. ആവശ്യവും ഇല്ല. നല്ല തണുത്ത  കാലാവസ്ഥ ആണ്. മഴയും ഉണ്ടായിരുന്നു. താഴത്തെ നിലയിൽ ഒരു ഹാളും, കിടപ്പു മുറിയും അടുക്കളയും രണ്ടും ബാത്‌റൂമും പിറകു വശത്തു ഒരു ബാല്കണിയും. ആ ബാൽക്കണിയിൽ ആണ് മരം മുറിച്ചു അങ്ങനെ തന്നെ നാല് കാലു മാത്രം പിടിപ്പിച്ച ഊണു മേശ വച്ചിരിക്കുന്നത്. കാര്യമായ ഫർണിച്ചർ ഒന്നും ഇല്ല ആ വീട്ടിൽ. പോകുന്ന വഴി തന്നെ മാർക്കറ്റിൽ ഇറങ്ങി ഡ്രൈവറും ഗൈഡും കൂടി വെജിറ്റബിൾസ് ചിക്കൻ ഒക്കെ വാങ്ങി വച്ചിട്ടുണ്ട്. കുപ്പിയും. വൈകുന്നേരം ആയി അവിടെ എത്തുമ്പോ. ഇംഗ്ലീഷ് കാര്യമായി വീട്ടുകാർക്ക് അറിയില്ല. ഗൈഡ് വഴി ആണ് ഞങ്ങളുടെ കമ്മ്യൂണിക്കേഷൻ .വീട്ടുകാരും ഡ്രൈവർ ഗൈഡ് ഒക്കെ കൂടി കിച്ചണിൽ കയറി രാത്രിക്കുള്ള ഭക്ഷണം തയ്യാറാകാൻ തുടങ്ങി. ഞങ്ങൾ കുളിക്കാനും മറ്റും ഒരുങ്ങി. ഈ യാത്രയിൽ എനിക്ക് പിടിക്കാഞ്ഞ ഒരേ ഒരു കാര്യം അവിടത്തെ ബാത്‌റൂം ആണ്. രണ്ടു ബാത്രൂമിൽ ഒരെണ്ണം ടൈൽസ് ഒക്കെ ഇട്ടു വൃത്തി ആയി വച്ചിട്ടുണ്ട്. മറ്റേതു ആകെ മടുപ്പിക്കുന്ന ഒരെണ്ണവും. നല്ല ബാത്രൂമിൽ ചൂട് വെള്ളം ഇല്ല. അതുകൊണ്ടു കുളിയൊക്കെ വൃത്തി ഇല്ലാത്ത ബാത്രൂമിൽ തന്നെ ചെയ്യേണ്ടി വന്നു. കുളിക്കുന്നതിന് ഇടക്ക്  വെള്ളം ഇല്ലാതായതും മറ്റും എന്നെ ദേഷ്യ പിടിപ്പിച്ചു. ആ ദേഷ്യം കാരണം അടുക്കളയിൽ കയറി അവരുടെ കൂടെ കൂടാനോ, സംസാരിക്കാനോ ഒന്നും തോന്നിയില്ല. അപ്പോഴേക്കും കുറച്ചു പ്രായം ഉള്ള  ഒരു സ്ത്രീ വന്നു, മസ്സാജിനു . ഞങ്ങളുടെ വീട്ടുകാരിയുടെ  കൂട്ടുക്കാരി ആണു. മസ്സാജിനു ആളെ കിട്ടുമോയെന്നു  നേരത്തെ ഞാൻ അവരോട് ചോദിച്ചിരുന്നു . എണ്ണയൊക്കെ ഇട്ടു നല്ല സുഖമുള്ള മസ്സാജ് ആവും എന്നൊക്കെ വിചാരിച്ച കിടന്നേ. പക്ഷെ ഇത് ഒറിജിനൽ തായ് മസ്സാജ്. എന്നെ  ഒടിച്ചു മടക്കി എടുത്തു. അത്യാവശ്യം വേദന എടുത്ത്. അതൊക്കെ കഴിഞ്ഞപ്പോഴേക്കും ഫുഡ് റെഡി ആയി. ബാൽക്കണിയിൽ ഇരുന്നു മഴയും കണ്ടു കഴിച്ചു. ചോറും, തേങ്ങാപ്പാലിൽ വച്ച ചിക്കനും, പുളിയിട്ടു വച്ച മീൻകറിയും, മുളപ്പിച്ച പയർ കൊണ്ട് ഒരു കറിയും, പിന്നെ നമ്മുടെ ഇലുമ്പൻപുളി പോലെ ഒരു വെജിറ്റബിൾ കൊണ്ടൊരു കറിയും. മീനും ചിക്കനും ഞാൻ കഴിച്ചില്ല. ബാക്കി കൊണ്ട് ചോറ് കഴിച്ചു. മീൻ പുളി കൂടുതൽ കൊണ്ടും, ചിക്കൻ എരിവ് ഇല്ലാതെയും കഴിക്കാൻ പറ്റുന്നില്ല എന്ന് ഗോപിയേട്ടനും മോളും പറഞ്ഞു. ചിക്കൻ മുളകിട്ടു  വക്കുന്നത് എങ്ങനെ എന്നൊക്കെ പറഞ്ഞു കൊടുത്തു. കുറച്ചു നേരം അവിടെ ഇരുന്നു സംസാരിച്ചു, പിറ്റേ ദിവസം പ്രാതലിനു എന്തൊക്കെ  വേണം എന്നൊക്കെ ചോദിച്ചു .ബ്രെഡ് മുട്ട ഒക്കെ ആക്കിക്കോളാൻ പറഞ്ഞു . രാവിലെ നേരത്തെ എണീറ്റതും പകൽ മുഴുവൻ യാത്രയും, പിന്നെ  മസാജ് ഒക്കെ ,കാരണം നല്ല ക്ഷീണം ഉണ്ടായിരുന്നു. കിടന്നതേ ഉറങ്ങി പോയി.             

Monday 8 August 2016

തായ്ലാന്റ്- part 3

അടുത്ത ദിവസം രാവിലെ 8.30 തന്നെ റെഡി ആവണം എന്ന് പറഞ്ഞാണ് ഗൈഡ് പോയത്. അന്നത്തെ യാത്ര കോറൽ ഐലൻഡിലേക്കു ആണ്. അതിന്റെ നടത്തിപ്പുക്കാർ ആണ് ഞങ്ങളെയും ,അതുപോലെ ഉള്ള ടൂറിസ്റ്റുകളെയും ഹോട്ടലുകളിൽ നിന്നും പിക് ചെയ്തു കൊണ്ട് പോകുന്നത്. ഗൈഡ് തലേന്ന് തിരിച്ചു പോകുകയും, ഞങ്ങളുടെ കയ്യിൽ ആണെങ്കിൽ ഒരു പേപ്പർ പോലും ഇല്ല എന്നുള്ളത് കുറച്ചു ടെൻഷൻ തന്നു. പക്ഷെ ഞങ്ങളുടെ പേടിയെ കാറ്റിൽ പറത്തിക്കൊണ്ട് അതിന്റെ നടത്തിപ്പുകാർ പറഞ്ഞ സമയത്തു തന്നെ വന്നു ഞങ്ങളെ കൂട്ടി കൊണ്ട് പോയി. ഞങ്ങളുടെ കയ്യിൽ പച്ച നിറമുള്ള ഉള്ള ചെറിയൊരു റിബൺ കെട്ടി തന്നു. പിന്നെ കയ്യിന്മേൽ ഹോട്ടലിന്റെ പേരും . നൂറുകണക്കിന് ജനങ്ങൾ, (മിക്കവാറും ഇന്ത്യക്കാർ ) ബീച്ചിൽ നിൽപ്പുണ്ട്, അവരുടെ ഇടയിൽ ഞങ്ങളെ കൂടി നിർത്തി കുറച്ചു നേരം. ഇടയ്ക്കിടെ ഓരോ സ്പീഡ് ബോട്ട് വന്നു കുറച്ചു പേരെ വച്ച് കൊണ്ട് പോകുന്നുണ്ട്. പല വാനുകളിലും വന്ന പലരിൽ നിന്നും ഓരോ ഗ്രൂപ്പിന്റെ ആളുകളെ തിരിച്ചു തിരിച്ചു അവിടെ നിൽക്കുന്ന ജോലിക്കാരി പെൺകുട്ടികൾ ബോട്ടിൽ കയറ്റി വിടുന്നുണ്ട്. അവരുടെ കയ്യിൽ ആകെ കൂടി ഒരു കുഞ്ഞു കഷ്ണം പേപ്പർ മാത്രേ ഉള്ളു. വാനിലെ ഡ്രൈവർ ഒരു പെണ്ണിന് ഞങ്ങളെ കൈമാറുന്നു, അവർ ബീച്ചിൽ നില്കുന്ന ഒരു പെണ്ണിന്, അവൾ ഞങ്ങളെ ബോട്ടിൽ കയറ്റി വിടുന്നു. വളരെ വേഗത്തിൽ നടക്കുന്നുണ്ട് കാര്യങ്ങൾ. ആ സ്പീഡ് ബോട്ട് നേരെ ചെന്ന് കടലിൽ കുറച്ചു ദൂരെ നങ്കൂരം ഇട്ടിട്ടുള്ള കുറച്ചു വലിയ ബോട്ടിൽ കൊണ്ട് വിടുന്നു. അവിടെ ആണ് പാരാസെയില്സിങ് നടത്തുന്നത്. ഒരു ചെറിയ സ്പീഡ്ബോട്ട് ആ വലിയ ബോട്ടിനെ സദാ കറങ്ങിക്കൊണ്ടു ഇരിക്കുന്നുണ്ട്. ഓരോ കറക്കത്തിലും ഒരാളെ വച്ച് പാരചൂട്ട് പിടിപ്പിച്ചു പറത്തി വിടുന്നുണ്ട്. നല്ലൊരു que ഞങ്ങൾ ചെന്നെത്തുമ്പോൾ തന്നെ ഉണ്ട്. വളരെ സ്പീഡിൽ ആളുകളെ പറത്തി വിടുന്നും ഉണ്ട്. എന്തായാലും പോകണം എന്ന് വിചാരിച്ചാണ് ചെന്നതു. ഇത് എങ്ങനെ നടക്കുന് എന്ന് കുറച്ചു നേരം നോക്കി നിന്നപ്പോ ധൈര്യം കുറച്ചു പോകുന്ന പോലെ. ചിലരൊക്കെ കടലിൽ മുങ്ങിയും മറ്റും ആണ് തിരിച്ചു എത്തുന്നത്. കണ്ടപ്പോ കയറാനോ വേണ്ടയോ എന്ന് ഒരു ആശങ്ക. പോരാത്തതിന് എന്റെ കൂടെ ഉള്ള പേടിത്തൊണ്ടനും പേടിത്തൊണ്ടിയും കൂടി പോകണ്ട എന്നും പറഞ്ഞു പറഞ്ഞു ഉള്ള ധൈര്യം കൂടെ കളഞ്ഞു. കുറച്ചു കഴിഞ്ഞു ധൈര്യം വന്നപ്പോഴേക്കും വമ്പൻ que ആയി, ഞങ്ങൾക്ക് തിരിച്ചു പോകേണ്ട സമയവും ആയി. അങ്ങനെ എന്റെ വലിയൊരു ആഗ്രഹം അവിടെ പൊഴിഞ്ഞു വീണു.

അവിടെ നിന്ന് വീണ്ടും വേറെ ഒരു പെണ്ണ് വേറൊരു ബോട്ടിൽ കയറ്റി വിട്ടു. കുറച്ചു ദൂരം കടലിന്റെ മനോഹാരിത കണ്ടു കൊണ്ടൊരു യാത്ര . പട്ടയയിൽ നിന്നും 7 km ദൂരത്താണ് കോറൽ ഐലൻഡ്. അവിടെ ബീച്ചിൽ കൊണ്ട് ഇറക്കി. അവിടെ വേറൊരു പെണ്ണ് കാത്തു നിന്ന്. ഒന്നര മണിക്കൂറോളം കഴിഞ്ഞു അതെ സ്ഥലത്തു വരണം എന്നും പറഞ്ഞു ഞങ്ങളെ വിട്ടു. അവിടെ ബീച്ച് കളികൾ ആയ വാട്ടർസ്‌കൂട്ടർ , ബനാനാബോട്ട്, ഒക്കെ ഉണ്ടായിരുന്നു. വാട്ടർ സ്‌കൂട്ടരിൽ ഞാനും മോളും കൂടി കയറി ഓടിച്ചു. പിന്നെ കുറച്ചു നേരം വെള്ളത്തിൽ കളിച്ചു. എനിക്കൊരിക്കലും ബീച്ചുകളോടും വെള്ളത്തിനോടും വലിയ ഇഷ്ടം തോനീട്ടില്ലാത്ത കൊണ്ട് അത് അത്ര ആസ്വാദ്യമായൊന്നും തോന്നീല. മടുത്തപ്പോ കുറച്ചു നേരം കസേരയിൽ കിടന്നു ഉറങ്ങി. അപ്പോഴേക്കും ഞങ്ങൾക്കുള്ള വിളി വന്നു. ബോട്ടിൽ കയറി തിരിച്ചു പട്ടയക്കു. അവിടെ ബോട്ട് ഇറങ്ങിയപ്പോ ബീച്ചിൽ ഞങ്ങളുടെ ഫോട്ടോസ് നിരത്തി വച്ചിരിക്കുന്നു. ഫ്രെയിം എല്ലാം ചെയ്തു. പോകുന്ന നേരത്തു അവർ ഫോട്ടോ എടുത്തിരുന്നു. അത് മിസ് ആയാൽ കണ്ടു പിടിക്കാൻ ആവും എന്നൊക്കെ വിചാരിച്ചു .ഇതിനായിരുന്നു എങ്കിൽ പോസ് ഇട്ടു നിന്നേനെ ;). കാശു കൊടുത്തു ഫോട്ടോ വാങ്ങി വണ്ടിയിലേക്ക്. ഫോട്ടോ നമുക്കു ഇഷ്ടം ഉണ്ടെങ്കിൽ മാത്രം വാങ്ങിയാൽ മതി. വേറേം ആൾക്കാരെ കൂടെ കൂട്ടി ഒരു ഇന്ത്യൻ റെസ്റ്ററന്റിലേക്കു. അവിടന്ന് ഫുഡും കഴിച്ചു ഹോട്ടലിൽ വന്നു കുളിച്ചു റസ്റ്റ് ചെയ്തു.

വൈകീട്ടു പ്രസിദ്ധമായ അൽകാസർ ഷൊ കാണാൻ റെഡി ആയി ഹോട്ടൽ ലോബിയിൽ ഇരുന്നു. നടത്തിപ്പുക്കാർ വാനും കൊണ്ട് വന്നു. ഞങ്ങളെ ഷോ നടക്കുന്ന തീയറ്ററിനു അടുത്ത് വിട്ടു. 7 മണിക്കു ഷൊ തുടങി. വി ഐ പി റ്റിക്കറ്റ് ആയതുകൊണ്ട് മുന്നിൽ തന്നെ സീറ്റ് കിട്ടി. ആ ഷോയെ കുറിച്ചു പറയാൻ വാക്കുകൾ മതിയാവില്ല. ജീവിതത്തിൽ ഒരിക്കല്ലെങ്കിലും കാണണം അതു. ലേഡിബൊയ്സ് ആണു പെർഫോം ചെയ്യുന്നെ. പെണ്ണല്ല എന്നു ഒരു തരത്തിലും തോന്നില്ല. നല്ല ഉയ്യരം ഉള്ള വടിവൊത്ത ശരീരം. കണ്ട് കൊതിച്ചു പോയി. പല നാട്ടിൽ നിന്നും ഉള്ള പാട്ടുകൾ വച്ചു അവർ ഡാൻസ് കളിച്ചു. ഹിന്ദിയും ഉണ്ടായിരുന്നു. ഒന്നര മണിക്കൂർ ഒരു സ്വപ്നം പോലെ പോയി. ലൈറ്റ്, ഡാൻസ് മ്യുസിക് ,സ്പീഡ്, ഇതെല്ലാം കൂടി ഒരു വര്ണവിസ്മയം തന്നെ തീർത്തു. പ്രധാന പെര്ഫോമെർസ്‌ എത്ര പെട്ടെന്നാണ് costume ചെയിഞ്ച് ചെയ്തു വരുന്നേ. ഇടക്ക് സ്റ്റോപ്പ് ഒന്നും ഇല്ല. മൂന്നോ നാലോ മിനിറ്റു കൊണ്ട്. എല്ലാ costume ,ഹെയർ ഒക്കെ മാറി വരുന്നു. അതിലെ ഒരു ഡാൻസ് ഒരു കഥ പോലെ ആയിരുന്നു. കുറച്ച് ഗോൾഡ് സിൽവർ നിറമുള്ള പ്രതിമകളെ സ്റ്റാൻഡിൽ വച്ചിരുന്നു. കുറച്ച് കഴിഞ്ഞു അവയെല്ലാം ജീവൻ വച്ചതു പോലെ എഴുനേറ്റു വരുന്നു. ഞെട്ടി പോയി. പ്രതിമകൾ അല്ല എന്ന് ഒരു നിമിഷം പോലും അത് വരെ മനസിലായില്ല. അത്രയും പെർഫെക്ഷൻ. ഫോട്ടൊ എടുക്കാൻ മറന്നു പോകും. ഷോ കഴിഞ്ഞു ഇറങ്ങുമ്പോൾ പെര്ഫോമെർസ്‌ താഴെ വന്നു നിൽക്കുന്നുണ്ട്. പൈസ കൊടുത്ത് , അവരുടെ കൂടെ നിന്ന് ഫോട്ടോ എടുത്തു .

വളരെ സന്തോഷത്തോടെ ആണ് അന്ന് തിരിച്ചു ഹോട്ടലിൽ പോയത്.


(കലാബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരാളുടെ കമ്മന്റ്, ഇങ്ങനെ ഒരു ഷോ ഉണ്ടെന്നു അറിഞ്ഞിരുന്നേ ഇന്നലെ ബാറിൽ പോയി കാശു കളയണ്ടായിരുന്നു )
Show less

Saturday 6 August 2016

തായ്ലാൻഡ് - പാർട്ട്  2

രാവിലെ ഹോട്ടലിൽ  നിന്നും നല്ലൊരു പ്രാതൽ കഴിച്ചു റൂം വെക്കേറ്റ്  ചെയ്തു ഇറങ്ങി. ഗൈഡും ഡ്രൈവറും 8 മണിക്കേ കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. ബാങ്കോക്കിൽ നിന്നും പട്ടയയിലേക്കു .പോകുന്ന വഴി ചോൻഭൂരി പ്രോവിന്സില് ആണ് ശ്രീരാച്ച ടൈഗർ സൂ .വളരെ മനോഹരമായ ഒരു പ്രദേശം. അവിടെ ക്രോക്കൊഡൈൽ മ്യുസിയം കണ്ടു. മുതലകളെ  കുറിച്ചുള്ള വിവരങ്ങളും, മുതല മുട്ടയും, മുട്ടത്തോടിൽ ചെയ്തിട്ടുള്ള നല്ല ഭംഗിയുള്ള പടങ്ങളും മറ്റും പ്രദര്ശിപ്പിച്ചിട്ടുണ്ട്. മുതല ഷോയും നടത്തുന്നുണ്ട് അവർ. മുതലയുടെ വായ്ക്കുള്ളിൽ തലയൊക്കെ കൊണ്ട് വച്ചും മറ്റും ,തമാശകൾ കാണിച്ചും അര  മണിക്കൂർ ഷോ. അവിടെ തന്നെ പിഗ്ഗിനെ കൊണ്ടും ഷോ നടത്തുന്നുണ്ട്. ഓട്ടമത്സരവും മറ്റും. പിന്നെ കടുവകളെ കുറച്ചൊക്കെ കണ്ടു. കടുവ ഷോയും. അത് നമ്മുടെ സർക്കസ് ഒക്കെ പോലെയേ തോന്നിയുള്ളൂ. രണ്ടു കുഞ്ഞു കടുവക്കുട്ടികളുടെ കൂടെ ഫോട്ടോ എടുക്കാനും മറ്റും അനുവദിക്കുന്നുണ്ട്‌. ഞാൻ അവയെ കയ്യിൽ എടുത്തു കളിപ്പിച്ചു കുറച്ചു നേരം. എന്തോ ഞങ്ങൾ  ഒരേ വർഗം ആയതുകൊണ്ട് ആവും, അവ വളരെ കൂൾ ആയി കൈയിൽ ഇരുന്നു ;) . ഫോട്ടോ എടുക്കാൻ നേരം അവർ കുറച്ചു വയലന്റ് ആയി. കുഞ്ഞാണെലും കടുവ കടുവ തന്നെ എന്ന് കാണിച്ചു തന്നു. കൂട്ടിൽ ഇട്ടിരിക്കുന്ന  വലിയൊരു കടുവയുടെ അടുത്ത് ഇരുന്നു ഫോട്ടോ എടുക്കാൻ കാശും കൊടുത്തു ആവേശത്തിൽ ഞാൻ കൂട്ടിൽ കയറി. അടുത്തു ചെന്നപ്പോൾ ആണ് അതിന്റെ വലിപ്പം മനസിലാവുന്നേ. അതിന്റെ തലയുടെ അത്രയുമേ ഞാൻ ഒക്കെ ഉള്ളു. അടുത്ത് ചേർന്ന് ഇരുന്നു കയ്യൊക്കെ കഴുത്തിലൂടെ ഇട്ടോ എന്ന് അതിനെ നോക്കുന്നവർ പറയുന്നുണ്ടായിരുന്നു എങ്കിലും, നെഞ്ചിനുള്ളിലെ കിടുക്കം  കാരണം ചേർന്ന് ഇരുന്നു, പതുക്കെ കയ്യ് വക്കാനേ  സാധിച്ചുള്ളൂ. കുറച്ചു നാൾ മുന്നേ കടുവകളെ മയക്കു മരുന്ന് കൊടുത്തു ആളുകളെ കൂടെ കളിക്കാനും മറ്റും അനുവദിച്ചിരുന്ന ഒരു ടൈഗർ ടെമ്പിൽ ഉണ്ടായിരുന്നു. കുറെ എണ്ണം ചാവുകയും മറ്റും ചെയ്തപ്പോ , അന്വേഷണം വന്നു പൂട്ടിച്ചു. ഇപ്പൊ ആകെ ഈ കടുവയുടെ അടുത്ത് മാത്രേ ആളുകളെ ഇരുത്തുന്നുള്ളു. എന്റെ മേൽ ശ്രദ്ധ വരാതെ ഇരിക്കാൻ ട്രയ്നേഴ്‌സ് ശ്രദ്ധിക്കുന്നുണ്ട്. എന്റെ തല കടിച്ചു എടുക്കണ്ട എന്ന് വിചാരിച്ചാവും ഇടയ്ക്കു കുഞ്ഞു പീസ് ഇറച്ചി കൊടുക്കുന്നുണ്ട്. പെട്ടെന്ന് തന്നെ ഫോട്ടോ എടുത്തു പുറത്തു ഇറങ്ങി. ജീവിതത്തിലെ അപൂർവ്വത്തിൽ അപൂര്വമായ ഒരു നിമിഷം ആയിരുന്നു അത്. അതുകൊണ്ടു തന്നെ ആണ് ഉള്ളിൽ അത്ര പേടി ഉണ്ടായിട്ടും അവസരം കളയാതിരുന്നത്.

കുറച്ചു നേരം കൂടി കറങ്ങി നടന്നു ,പക്ഷികളെയും മൃഗങ്ങളെയും കണ്ടു. അവിടെ നിന്ന് നേരെ Nong Noch  വില്ലേജിലേക്കാണ് പോയത്. അതി മനോഹരമായ മനുഷ്യ നിർമിത പാർക്ക്. എങ്ങോട്ടു തിരിഞ്ഞാലും സൗന്ദര്യം മാത്രം. ഫോട്ടോ എടുത്തു എടുത്തു ബാറ്ററി തീർന്നു പോയി.500 ഏക്കറിൽ പരന്നു കിടക്കുന്നു ബൊട്ടാണിക്കൽ  ഗാർഡൻ. അവിടെ ഒരുപാട് റെസ്റ്റോറന്റ്സ് ,തിയേറ്റർ ,ഷോപ്പ്സ് ഒക്കെ ഉണ്ട്. ഫുഡിന്റെ നേരം ആയതിനാൽ ആദ്യമേ ഫുഡ് കഴിച്ചു. തായ്, ഇന്റർനാഷണൽ ഫുഡ് ഒക്കെ ഉണ്ടായിരുന്നത് കൊണ്ട്, പട്ടിണി കിടക്കേണ്ടി വന്നില്ല. ചിലതൊക്കെ വായിൽ വക്കാൻ  പറ്റുന്നില്ല എങ്കിലും ചിലതൊക്കെ വളരെ ടേസ്റ്റിയും ആയിരുന്നു. തായ് ഫുഡ് അവർ പറയുന്നത് സ്‌പൈസി ആണെന്ന. പക്ഷെ നമ്മുടെ ഫുഡ് വച്ച് നോക്കുമ്പോ എരിവിന് മുളക് പിന്നേം ഇടണം. അതുപോലെ തേങ്ങാപാൽ അവരുടെ ഫുഡിലെ മെയിൻ സാധനം ആണെന്ന് തോന്നുന്നു. ഒരുപാട് ഫുഡുകളിൽ ചേർത്ത് കണ്ടു. 

കഴിച്ചു കഴിയുമ്പോഴേക്കും, തീയറ്ററിൽ കൾച്ചറൽ ഷോ ടൈം ആയി. അങ്ങോട്ടേക്ക് ഓടി എത്തുമ്പോഴേക്കും ഷോ തുടങ്ങി. അവരുടെ പരമ്പരാഗത നൃത്തങ്ങളും മറ്റും ആയി അരമുക്കാൽ മണിക്കൂർ. അതിനു പിന്നാലെ ആനകളുടെ ഷോ. അത് സർക്കസിൽ ഒക്കെ കാണിക്കുന്ന പോലെ മാത്രേ ഉണ്ടായുള്ളൂ. ആനകൾ കാൻവാസിൽ പടം വരക്കുന്നത് മാത്രേ വ്യത്യാസം ഉള്ളതായിട്ടു ഉണ്ടായുള്ളൂ. ടീ ഷർട്ടിലും മറ്റും പടം വരപ്പിച്ചു  വിൽക്കുന്നുണ്ട് പാപ്പാന്മാർ. ആനകളുടെ തുമ്പിക്കയ്യിലും മറ്റും ഇരുന്നും ആനപ്പുറത്തു കയറിയും മറ്റും ഫോട്ടോ എടുക്കുന്നു ആളുകൾ. എല്ലാത്തിനും കാശു കൊടുക്കണം. മോളെ പേടി മാറ്റാൻ വേണ്ടി ഒരു ആനപ്പുറത്തു ഇരുത്തി . അവിടെ നിന്ന് ഇറങ്ങി ഗാർഡൻ കാണാൻ പോയി. നടന്നു കാണൽ നടക്കില്ല. അവർ തുറന്ന ബസ് പോലെ ഒരു വണ്ടിയിൽ കൊണ്ട് പോയി. എത്ര നന്നായി ആണ് അവർ ഓരോ ഗാർഡനും പരിപാലിക്കുന്നേ. ഇടയ്ക്കു വണ്ടി നിർത്തി ഗാർഡനിൽ നടക്കാനും ഫോട്ടോ എടുക്കാനുമൊക്കെ സമയം തരുന്നുണ്ട്. ബോൺസായ് ,കാക്ടസ് ഗാർഡൻ ഒക്കെ കാണേണ്ടത് തന്നെയാണ്. യൂണിഫോം ആണ് അവിടെ കാണുന്ന ഓരോ കാഴ്ചയും, പ്രകൃതിയുടെ തനതായ ഭംഗി അല്ല, ഉണ്ടാക്കി എടുത്തതാണെങ്കിലും, അത് തോന്നാത്ത പോലെ ആക്കി എടുക്കാൻ നോക്കുന്നുണ്ട് അവർ. ഇപ്പോഴും കുന്നുകളും മൈതാനങ്ങളും മറ്റും ഉണ്ടാക്കികൊണ്ടു ഇരിക്കുന്നുണ്ട്. ഒരു ദിവസം കൊണ്ടൊന്നും കണ്ടു തീരില്ല. സമയ പരിമിതി ഉള്ളതുകൊണ്ട് അവിടെ നിന്നും നേരെ പട്ടയ ഫ്‌ളോട്ടിങ് മാർക്കറ്റി ലേക്കു വിട്ടു. തായ്ലാന്റിന്റെ തനതായ ഫ്‌ളോട്ടിങ് മാർക്കറ്റ് കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും സമയ പരിമിതി മൂലം കഴിഞ്ഞില്ല. ഇത് അവർ ഒരു മോഡൽ  ഉണ്ടാക്കി എടുത്തതാണു .അവിടെ ചെറിയൊരു ബോട്ടിൽ കയറി ചെറിയ അരുവിയുടെ കറങ്ങി നടന്നു. രണ്ടു സൈഡിലും കച്ചവട സ്ഥാപനങ്ങൾ ഉണ്ട്. ഇടയ്ക്കു വഞ്ചിയിൽ ഫുഡ്, fruits, മറ്റു സാധനങ്ങൾ ഒക്കെ ആയി സ്ത്രീകൾ വഞ്ചിയിൽ വരുന്നുണ്ട്. പഴപൊരി പോലുള്ളവയൊക്കെ ഫ്രഷ് ആയി ഉണ്ടാക്കി കൊടുക്കുന്നു വഞ്ചിയിൽ .ഒരു കടയിൽ പാറ്റ , തേൾ, പുഴു ഒക്കെ വറുത്തു നല്ല ഭംഗിയിൽ വച്ചിട്ടുണ്ട്. ഗൈഡിനോട് ചോദിച്ചപ്പോൾ അവർ ഒന്നും അത് കഴിക്കാറില്ലത്രേ. ചില ഗോത്രങ്ങൾ മാത്രേ തിന്നു എന്നൊക്കെ പറഞ്ഞു. അവിടെ നിന്ന് കുറച്ചു ഷോപ്പിംഗ് ഒക്കെ ചെയ്തു പട്ടയ ഹോട്ടലിലേക്ക്. ഞങ്ങളെ ചെക്ക് ഇൻ ചെയ്യിച്ചു ഗൈഡും, ഡ്രൈവറും കൂടി തിരിച്ചു ബാങ്കോക്കിലേക്കു മടങ്ങി പോയി. 

കുളിച്ചു ഫ്രഷ് ആയി ഞങ്ങൾ പുറത്തു കറങ്ങാൻ ഇറങ്ങി. ലക്‌ഷ്യം പ്രസിദ്ധമായ വാക്കിങ് സ്ട്രീറ്റ് (ആ അത് തന്നെ ;) ). ഹോട്ടലിൽ നിന്നും അധിക ദൂരം ഒന്നും ഇല്ലായിരുന്നു എങ്കിലും, അവിടത്തെ ഓട്ടോറിക്ഷ പോലെ ഉള്ള ഒരു വണ്ടിയിൽ കയറി വാക്കിങ് സ്ട്രീറ്റിൽ ഇറങ്ങി. രണ്ടു സൈഡിലും കടകളും ബാറുകൾ റെസ്റ്ററന്റ്സ് ഒക്കെ ലൈറ്റിൽ മുങ്ങി കുളിച്ചു നില്കുന്നു. എല്ലാ തരം കടകളും അവിടെ ഉണ്ട്, അടുത്തടുത്ത് ബാറുകളും. ബാറിന് മുന്നിൽ കസ്റ്റമേഴ്‌സിനെ ആകർഷിക്കാൻ അൽപ വസ്ത്രധാരികൾ അന്നത്തെ ഓഫറുകളും പിടിച്ചു നിൽ പ്പുണ്ട്. എല്ലാ പ്രായത്തിൽ ഉള്ള ആണും പെണ്ണും പുറത്തു കാണാവുന്ന ബാറുകളിൽ ഇരുന്നു കുടിക്കുന്നുണ്ട്.ചിലതു ഒരു കർട്ടൻ/വാതിൽ കൊണ്ട് മറച്ചു വച്ചിട്ടുണ്ട്. കർട്ടനു ഇടയിലൂടെ പെണ്ണുങ്ങൾ കമ്പിയിൽ തൂങ്ങുന്നതൊക്കെ കണ്ടു.  അകത്തേക്ക് പ്രായപൂർത്തി ആയവരെ മാത്രേ കടത്തു. ഞങ്ങൾ മൂന്നാലു സ്ഥലത്തു കയറാൻ ട്രൈ ചെയ്തു. മോൾ ഉള്ളതുകൊണ്ട് അവർ സമ്മതിച്ചില്ല. എന്റെ വലിയൊരു ആഗ്രഹം ആയിരുന്നു അങ്ങനെ ഒരു ബാർ കാണുക എന്നത്. അതവിടെ പൊലിഞ്ഞു .  കുറെ നേരം കറങ്ങി നടന്നു ഞങ്ങൾ തിരിച്ചു വന്നു, ഒരു ഇന്ത്യൻ റെസ്റ്ററന്റിൽ നിന്നും (എങ്ങനെ ആയാലും അവസാനം അതിൽ തന്നെ എത്തും ) ഫുഡ് കഴിച്ചു ഹോട്ടലിൽ പോയി. എന്നെയും മോളെയും ഹോട്ടലിൽ ആക്കി ഗോപിയേട്ടന് വീണ്ടും വാക്കിങ്  സ്ട്രീറ്റിലേക്കു വിട്ടു ഒന്ന് രണ്ടു ബാറിലൊക്കെ കേറി, അധികം നിന്ന കയ്യിലുള്ള കാശു പോക്കാ എന്ന് കണ്ടു തിരിച്ചു വന്നു. (ബാറിന്റെ കൂടുതൽ ഡീറ്റെയിൽസ് വേണേ പുള്ളിയോട് ചോദിച്ചേക്കു ). പെണ്ണിനെക്കാൾ ഭംഗിയുള്ള ലേഡി ബോയ്സിനെ ഒക്കെ അവിടെ കണ്ടു.           

ടെമ്പിള്‍ ഓഫ് ടൂത്ത്

cultural ഷോ കഴിഞ്ഞു നേരെ പോയത് ടെമ്പിള്‍  ഓഫ് ടൂത്തിലേക്കാന്.ബുദ്ധന്റെ ഭൌതികാവശിഷ്ടം  ആയ പല്ല് സൂക്ഷിച്ചു പൂജകള്‍ നടത്തുന്നത് ആ അമ്പലത്തില്‍ ആണ് .ഭാരതത്തില്‍ നിന്നും പല രാജാക്കന്മാര്‍ കൈമാറി ആണ് ലങ്കയില്‍ ആ പല്ല് എത്തി ചേര്നിട്ടുള്ളത്. വൈകീട്ടത്തെ പൂജ സമയം  ആയതുകൊണ്ട് നല്ല തിരക്ക് ഉണ്ടായിരുന്നു .ബുദ്ധമതക്കാരു കൂടുതലും വെള്ള വസ്ത്രം ആണ് ധരിച്ചിരിക്കുന്നത്. നേരെ കേറി ചെല്ലുന്നത് വലിയ ഒരു തളത്തിലെക്കാന്. അവിടെ ഒരു കോവില്‍ ഉണ്ട്. പക്ഷെ അത് അടഞ്ഞു കിടന്നിരുന്നു.
അതിന്റെ മുന്നില്‍ ആനകൊമ്പുകള്‍ കൊണ്ട് അലങ്കരിചിടുണ്ട് .സ്റ്റെപ്പ്സ്  കയറി  മുകള്‍ നിലയില്‍ ചെന്നു. അവിടെ ഒരു പാട് ആളുകള്‍, ഉണ്ട്. കുറെ പേര് അവിടെ ഹാളില്‍  ഇരുന്നു ധ്യനിക്കുനുണ്ട്. ബുദ്ധന്റെ പല്ല് സൂക്ഷിച്ചിരിക്കുന്ന പ്രധാന കോവിലില്‍ പൂജ നടന്നു കൊണ്ട് ഇരികായിരുനു. നമ്മുടെ ഒക്കെ അമ്പലത്തിലെ പോലെ തന്നെ അവിടെ തൊഴാന്‍ നിക്കുന്ന ഭക്തരുടെ മോശം ഇല്ലാത്ത ക്യൂ ഉണ്ട്. ഞങ്ങള്‍ അവിടെ ക്യൂവില്‍ നിന്ന്. നാട്ടുകാരായ ഭക്തരുടെ കയ്യില്‍  പൂജക്കുള്ള പുഷ്പങ്ങള്‍ ,കൂടുതലും ആമ്പലും, വെള്ള താമരയും , ഉണ്ട്. ഏഴ് സ്വര്‍ണ സ്തൂപത്തിന്റെ ആകൃതിയില്‍ ഉള്ള പേടകത്തിന്റെ ഉള്ളില്‍ ആണ് പല്ല് സൂക്ഷിചിരിക്കുനത്. കുറെ നേരത്തെ കാത്തു നില്പിന്നു ശേഷം നട തുറന്നു. ക്യൂ നീങ്ങി തുടങ്ങി. പത്തു  സെക്കന്റ്‌ പോലും, അതിനെ മുന്നില്‍ നില്‍കാന്‍ സാധിച്ചില്ല .മുന്നില്‍ നിന്ന് ഫോടോ എടുക്കാന്‍ ശ്രമിച്ചില്ല. അത്ര തിരക്ക് ആയിരുന്നു. കുറെ ആളുകള്‍, പ്രധാന കോവിലിനു മുന്നില്‍ ഉള്ള ചെറിയ സ്ഥലത്ത് ധ്യാനത്തില്‍ ഇരിക്കുന്നുണ്ട്‌. പൂജ പുഷ്പങ്ങള്‍ എല്ലാം പ്രധാന ക്ഷേത്രത്തിന്റെ മുന്നില്‍ ഉള്ള ഒരു തിണ്ണ പോലെ ഒരു സ്ഥലത്ത് വക്കുനുണ്ട്. അതിനു അടുത്ത് നിന്ന്, പല്ല് പ്രതിഷ്ടിചിടുള്ള പ്രധാന ക്ഷേത്രത്തിന്റെ ഫോട്ടോസ് കുറെ പേര് നിന്ന് എടുക്കുനുണ്ടായിരുന്നു. ഞാന്‍ കറങ്ങി വന്നപ്പോഴേക്കും വീണ്ടും നട അടച്ചിരുന്നു .മുകള്‍ നിലയില്‍ തന്നെ  ബുദ്ധന്റെ  വിവിധ രൂപത്തില്‍ ഉള്ള വേറെയും ചെറിയ പ്രതിഷ്ഠകള്‍ ഉണ്ട്.  ഒക്ടഗണല്‍ ഷേപ്പ് ഉള്ള ഒരു ചെറിയ റൂം ഉണ്ട്. അതില്‍ കുറെ ഗ്രന്ഥങ്ങളും, താളിയോലകളും ബുദ്ധന്റെ സ്വര്‍ണ സ്തൂപവും ഉണ്ട്. ചില ബുദ്ധ  സന്യാസിമാര്‍ അവിടെ ഗ്രന്ഥങ്ങള്‍ നോക്കി അവിടെ ഇരിക്കുന്നുണ്ട്‌.  എല്ലായിടത്തും കയറി പ്രാര്‍ത്ഥിച്ചു ഭക്തര്‍ പുറത്തേക്കു പോകുനുണ്ടായിരുനു. രാത്രി പൂജ കഴിഞ്ഞതിനാല്‍, പ്രധാന വാതിലുകള്‍ എല്ലാം അടച്ചു തുടങ്ങി. ഞങ്ങളും പതുക്കെ പുറത്തേക്കു ഇറങ്ങി. പുറത്തു പ്രധാന ക്ഷേത്രത്തോട് ചേര്‍ന്ന് തന്നെ  ആയി വേറെയും ക്ഷേത്രങ്ങള്‍ ദീപലകൃതമായി കണ്ടു . രാത്രി 8 .30 ഒക്കെ ആയതിനാല്‍, ക്ഷേത്ര വളപ്പിനു അകത്തു ചുറ്റി കറങ്ങാന്‍ സാധിച്ചില്ല. ടൌണിലെ കടകള്‍ കുറെ ഒക്കെ അടച്ചു കഴിഞ്ഞിരുന്നു. രാത്രി ഭക്ഷണം കഴിക്കാന്‍ അടുത്ത് തന്നെ ഉള്ള kfc ഔട്ട്‌ലെറ്റില്‍ കയറി. ഫ്രൈഡറൈസ്‌   എന്ന പേരില്‍, വായില്‍ വക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ഭക്ഷണം കിട്ടി. നേരെ ഹോട്ടലില്‍ പോയി ഉറങ്ങാന്‍ കിടന്നു.
രാവിലെ എണീറ്റ്‌ കുളിയൊക്കെ കഴിഞ്ഞു ഭൈരവ്  കുണ്ട് കാണാന്‍ പോയി.കുത്തനെ ഉള്ള റോഡിലൂടെ വളരെ സാഹസികമായി ഒരു മല കയറി ഡ്രൈവര്‍ ഞങ്ങളെ അവിടെ എത്തിച്ചു. കാന്‍ഡിയുടെ  മുഴുവന്‍ സൌന്ദര്യം അവിടെ നിന്ന് കാണാം. 80 അടിയോളം ഉയരത്തില്‍ പണിതിട്ടുള്ള വലിയ ഒരു ബുദ്ധന്റെ പ്രതിമ ആണ് അവിടെ ഉള്ളത്.   എന്ട്രന്‍സ് ഫീ കൊടുത്തു മുകളിലേക്ക് കയറി . കുറച്ചു സ്റ്റെപ്സ്  കയറി ചെല്ലുന്നത്  ഒരു വലിയ മുറ്റത്താന്. അവിടെ ഒന്നു രണ്ടിടത്, മരത്തിന്റെ തണലില്‍ കുട്ടികളെ പഠിപ്പിക്കുനുണ്ടായിരുനു. അവിടെ വലിയ ഒരു ആല്‍മരവും ഉണ്ട്. ബുദ്ധന്റെ വലിയ പ്രതിമയുടെ കീഴില്‍ ചെറിയ പ്രതിഷ്ഠകളും. ചിത്രങ്ങളും ഒക്കെ ഉണ്ട്. ബുദ്ധ പ്രതിമയുടെ അരികില്‍, മുകളിലേക്കുള്ള ഗോവണി കണ്ടു. ബുദ്ധന്റെ തോളൊപ്പം വരെ നമ്മുക്ക് കയറി ചെല്ലാന്‍  സാധിക്കും .അവിടെ നിന്ന് കൊണ്ടുള്ള കാന്ടിയുടെ കാഴ്ച അതി മനോഹരമാണ് . ടൌണ്‍ എല്ലാം കറങ്ങി കണ്ടു ,നേരെ  പിന്നവള ആന ഒര്ഫനെജിലേക്ക്  തിരിച്ചു ഞങ്ങള്‍.

തായ്ലാലാൻഡ് -പാർട്ട് 1

തായ്‌ലാന്റിലൂടെ 

തായ്‌ലാന്റ് എന്റെ മനസിലെ കാണാൻ ആഗ്രഹിച്ചിരുന്ന ഒരു സ്ഥലമേ അല്ലായിരുന്നു. അവിടെ കള്ളും പെണ്ണും ടുറിസം ആണ് മെയിൻ ആയി ഉള്ളത് എന്നൊരു ചിന്ത മനസ്സിൽ ഊന്നിയതു് കൊണ്ട് ആണ് അങ്ങോട്ട് ഒരു പ്ലാൻ ഒരിക്കലും മനസ്സിൽ ഇല്ലാതിരുന്നതു . ആ ചിന്ത എന്റെ മാത്രം അല്ല ,പലരുടെയും മനസ്സിൽ ഉണ്ടെന്നു അറിയാം. അങ്ങോട്ട് ഫാമിലി ടൂർ പോകുമോ എന്ന് ചോദിച്ച കുറെ ആളുകൾ ഉണ്ട്. ഫാമിലി ടൂർ പോകാനും, ബാച്ചിലേഴ്‌സ് നു ആര്മാദിക്കാനും പറ്റുന്ന ഒരു സ്ഥലമാണ് തായ്. എടുത്തു പറയേണ്ട കാര്യം അവർ ടുറിസത്തിനു കൊടുക്കുന്ന പ്രാധാന്യം ആണ്.ഓരോ കാര്യവും 100 % പെർഫെക്ട് . ആദിത്യ മര്യാദ കണ്ടു പഠിക്കേണ്ടത് ആണ് .അതുപോലെ തന്നെ എല്ലായിടത്തും ഉള്ള സ്ത്രീ പ്രാതിനിധ്യം .അത് കണ്ടു ഒരു പാട് സന്തോഷം തോന്നി. എല്ലാ മേഖലയിലും  ഏതു പാതിരാത്രിയും സ്ത്രീകൾ ജോലി ചെയുന്നു, അതും തന്റെടത്തോടെ. ഞാൻ എന്റെ കാലിൽ നില്കുന്നു എന്ന, ആത്മവിശ്വാസത്തോടെ. സ്ത്രീകൾക്കു ആണ് അവിടെ കൂടുതൽ സ്ഥാനവും മുൻതൂക്കവും എന്ന് തോന്നി. അതുപോലെ തന്നെ punctuality. ഒരു നാട് ടുറിസം ഫ്രണ്ട്‌ലി ആവുന്നത് എങ്ങനെ എന്ന് അവരെ കണ്ടു പഠിക്കണം. (ഭാവിയിൽ ഞാൻ തുടങ്ങുന്ന ടൂറിസം പരിപാടിക്ക് അവരിൽ നിന്ന് പഠിക്കാൻ ഒന്നു കൂടെ പോകണം ;) )

പ്ലാനിങ്ങിന്റെ കാര്യം ഒക്കെ വേറെ ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു 

ബഹറിനിൽ നിന്നും ജെറ്റ് എയർവേയ്‌സ് നു ആണ് പോയത്.മുംബൈയിൽ  നാല് മണിക്കൂർ ഇരുന്നതിനു ശേഷം നേരെ ബാങ്കോക്ക് സുവര്ണഭൂമി എയർപോർട്ടിൽ. ഇത്രയും വലിയ എയര്പോര്ട് ആദ്യമായി കണ്ട സന്തോഷത്തിൽ ഗോപിയേട്ടനിലെ എൻജിനീയർ ഉണർന്നു. അതിന്റെ സ്റ്റീൽ സ്ട്രക്ചർ ഫോട്ടോ എടുത്ത ഗോപിയേട്ടനെ കൊണ്ട് അത് അവർ ഡിലീറ്റ് ചെയ്യിച്ച്. ഓണ് അറൈവൽ വിസ വളരെ പെട്ടെന്നു തന്നെ കിട്ടി, അവരുടെ സൈറ്റിൽ പറഞ്ഞിട്ടുള്ള സൈസ് ഫോട്ടോ , ബാക്കി പേപ്പേഴ്സ് ഒക്കെ കയ്യിൽ ഉണ്ടെങ്കിൽ പെട്ടെന്നു തന്നെ വിസ കിട്ടും. 

പുറത്തു ഞങ്ങളെ കാത്തു ഡ്രൈവർ  നിന്നിരുന്നു. വളരെ സ്മാർട് ആയ സ്ത്രീ. 45 ലും അവിവാഹിത. വിവാഹം കഴിഞ്ഞില്ലെങ്കിൽ ജീവിതമേ പോയി എന്ന് ചിന്തിക്കുന്ന നമ്മുടെ ആളുകളുടെ ആറ്റിട്യൂടും  അവരുടെ ആറ്റിട്യൂടും  വളരെ വെത്യാസം. അവിടെ ഇപ്പൊ ആണുങ്ങൾ കുറവ് ആയതും, സ്ത്രീകൾ സ്വന്തം കാലിൽ നിന്ന് ജീവിക്കുന്നതും കൊണ്ട് വിവാഹങ്ങൾ കുറഞ്ഞു വരുന്നു എന്ന അവർ പറഞ്ഞത്. 40  കളിൽ  ഒക്കെ ആണ് വിവാഹം പലപ്പോഴും. അവിടെ മിക്കവാറും എല്ലാ ബിൽഡിങ്ങിലും കാർപാർക്കിനു ഇഷ്ടം പോലെ സ്‌പേസ് ഇട്ടിട്ടുണ്ട്. അവർ നടക്കാൻ മടിയന്മാർ ആണത്രേ. 

ട്രാഫിക് ബ്ലോക്ക് നല്ലപോലെ ഉണ്ട് പലയിടത്തും. അതൊക്കെ 2  മണിക്കൂർ (40 km ) എടുത്തു  കവർ ചെയ്തു ഹോട്ടൽ റൂമിൽ ചെക്ക് ഇൻ ചെയ്തു .കുളിയൊക്കെ കഴിയുമ്പോഴേക്കും അവിടത്തെ കൂട്ടുകാരി ജീയാബ് കാണാൻ വന്നു. അവളേം കൂട്ടി മെട്രോ കേറി നൈറ്റ് മാർക്കറ്റ് കാണാൻ. പകൽ മുഴുവൻ പണി എടുത്തു, രാത്രികൾ ആർമ്മാദിക്കുക എന്നതാണ് അവരുടെ ജീവിതം എന്നാ എനിക്ക് തോന്നിയത്. വളരെ വില കുറവിൽ സാധനങ്ങൾ ആ മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്നുണ്ട്. കുറെ നേരം കറങ്ങി നടന്നു, തായ്‌ഫുഡ് കഴിക്കണം എന്ന് ആഗ്രഹം എങ്കിലും അവസാനം ഒരു ഇന്ത്യൻ റസ്റ്ററന്റിൽ തന്നെ കയറി ഫുഡ് അടിച്ചു. ഇടക്ക് സ്ട്രീറ്റിൽ നിന്നും വാങ്ങി തിന്ന സ്റ്റിക്കിറൈസ് വിത്ത് മാങ്കോ സൂപ്പർ ആയിരുന്നു ട്ടാ. തിരിച്ചു വന്നു ഒരു നല്ല ഉറക്കം.

രാവിലെ ഹോട്ടലിൽ നിന്ന് തന്നെ പ്രാതൽ കഴിച്ചു 8 ആവുമ്പോഴേക്കും ഗൈഡും ഡ്രൈവറും കൂടി വന്നു .ബാങ്കോക്ക് ചുറ്റി കാണാൻ ഇറങ്ങി. wat Trimitr  (ഗോൾഡൻ ബുദ്ധ അമ്പലം) ആണ് ആദ്യം പോയത്. 5 .5 ton ആണ് ആ പ്രതിമയുടെ ഭാരം. 13 -14 നൂറ്റാണ്ടിൽ ഉണ്ടാക്കിയതാവാം എന്നാണു പറയപ്പെടുന്നത്. പണ്ട്  ആയുതയ്യ ആയിരുന്നു രാജ്യ തലസ്ഥാനം, പിനീട് ബർമൻ ആക്രമണം വന്നപ്പോൾ രാജാവും മറ്റും ബാങ്കോക്കിലേക്കു ഓടി വന്നു പുതിയ നഗരം ഉണ്ടാക്കി , തലസ്ഥാനം ബാങ്കോക് ആക്കി. ഈ വിഗ്രഹം മോഷ്ടിക്കപ്പെടാതെ ഇരിക്കാൻ stucco കൊണ്ട് പൊതിഞ്ഞു വച്ചിരിക്കുകയായിരുന്നു. പിനീട് ഈ വിഗ്രഹം ബാങ്കോക്കിലെ ബുദ്ധക്ഷേത്രത്തിൽ (സ്വർണമെന്നു അറിയാതെ തന്നെ ) സ്ഥാപിക്കാൻ കൊണ്ട് വന്നു .200 വർഷത്തോളം സ്വർണവിഗ്രഹം എന്ന് തിരിച്ചു അറിയപ്പെടാതെ തന്നെ ഇരുന്നു, 1954 ഇത് പുതിയ ഒരു അമ്പലത്തിലേക്ക് മാറ്റുന്നതിന് ഇടയിൽ വീണു, കവറിങ് പൊളിഞ്ഞപ്പോ ആണ് ഉള്ളിലെ സ്വർണവിഗ്രഹം കാണുന്നത്. 2010 ലാണ് ഇപ്പൊ ഉള്ള പുതിയ അമ്പലം പണിതു അതിലേക്കു മാറ്റി സ്ഥാപിച്ചത് .












പിന്നെ wat pho  (റിക്ലൈൻഡ് ബുദ്ധ ), ഗ്രാൻഡ് പാലസ് ഒക്കെ കണ്ടു . 46  മീറ്റർ നീളത്തിൽ കിടക്കുന്ന ബുദ്ധ പ്രതിമ തന്നെ ആണ് wat pho യിലെ ആകർഷണം. മഞ്ഞ കളർ ബുദ്ധന്മാരെ കണ്ടു കണ്ണ് മഞ്ഞളിച്ചു പോകും. പാലസ് മനോഹരമായ ഒരു ബിൽഡിങ് ആണ്. എല്ലായിടത്തും സൗന്ദര്യം നിറഞ്ഞൊഴുകുന്നുണ്ട്. ചുമർ ചിത്രങ്ങളിൽ രാമകഥ വരച്ചു വച്ചിരിക്കുന്നു. നമ്മുടെ രാമനെയും  സീതയെ ഒക്കെ അവർ അങ്ങ് ദത്തെടുത്തിരിക്കുന്നു. അവർക്കു അവരുടെ രാജാവ് രാമൻ എന്നാണ് അറിയപ്പെടുന്നത്. പല രാജാക്കന്മാർ പണി കഴിപ്പിച്ച പല വിഹാരങ്ങളും മറ്റും ലോകത്തിന്റെ പലയിടത്തു നിന്നും കൊണ്ട് വന്ന സാധങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വളരെ നന്നായി അതൊക്കെ ഇപ്പോഴും മെയിന്റൈൻ ചെയുന്നും  ഉണ്ട്. 


emarald bhudha temple കൂടി കണ്ടു. ഉച്ചക്ക് എന്തൊക്കെയോ പച്ചില ഫുഡ് തിന്നു ബോട്ടിങ് നു പോയി. chao phraya നദിയിലൂടെ ചെറിയ കനാലിലൂടെ ചോൻഭൂരി വില്ലേജ് ഭാഗത്തേക്ക് ലോങ്ങ് ടെയിൽ ബോട്ടിൽ. കനാലിനു സൈഡിലെ വീടുകൾ, കടകൾ എല്ലാം തൂണുകളിൽ, കനാലിനു ഉള്ളിൽ ആണ് നില്കുന്നത്. വളരെ മനോഹരമായ കാഴ്ച സമ്മാനിച്ച് ആ ബോട്ട് യാത്ര. പഴയ കാല ജീവിതത്തിന്റെ നേർക്കാഴ്ചകൾ കാണിച്ചു തരുണുണ്ടായിരുന്നു.ഇടയ്ക്കു ബോട്ടിൽ വന്നു കച്ചവടകാരികൾ സാധനങ്ങൾ വാങ്ങാൻ നിർബന്ധിച്ചു. അവിടെ നിന്ന് നേരെ wat arun  കാണാൻ ഇറങ്ങി. ചൈനീസ് പോർസലിൻ കൊണ്ട് ആണ് അതിന്റെ ഭിത്തികൾ അലങ്കരിച്ചിരിക്കുന്നത്. ഞങ്ങൾ സന്ദർശിക്കുന്ന സമയത്തു അവിടെ അതിന്റെ മെയിന്റനൻസ് പണികൾ നടക്കുക ആയിരുന്നു. ആദ്യ സൂര്യ വെളിച്ചം എത്തുന്നത് അതിന്മേൽ ആണെന്നാണ് പറയപ്പെടുന്നത്. അതാണ് സൂര്യ ഭഗവാന്റെ പേര് ആ അമ്പലത്തിനു കിട്ടിയത്.




അവിടെ നിന്ന് നദി കടന്നു വീണ്ടും ഹോട്ടലിൽ എത്തി, ചെറിയ ഒരു റെസ്റ്റും കുഞ്ഞു കുളിയും കഴിഞ്ഞു രാത്രിയിലെ ക്രൂയിസ് ഡിന്നറിനു പോകാൻ റെഡി ആയി. പറഞ്ഞ സമയത്തു തന്നെ അതിന്റെ ആൾകാർ വന്നു ഹോട്ടലിൽ നിന്നും പിക്ക് ചെയ്തു .ഷിപ്പ്  പുറപ്പെടുന്ന അവിടുള്ള മാളിൽ എത്തിയപ്പോ ആണ് മലയാളികൾ ഉൾപ്പെടെ ഇത്ര അധികം ഇന്ത്യക്കാർ ടൂറിസ്റ്റ് ആയി എത്തുന്നത് മനസിലായത്. പല ഷിപ്പുകളിലേക്കു ആയി പൂരത്തിന്റെ ജനങ്ങൾ ഉണ്ടായിരുന്നു. നാട്ടിലെ ബസിലും,കല്യാണങ്ങൾക്കും ഇടിച്ചു കേറി പരിചയം ഉള്ളത് കൊണ്ട് മോശമില്ലാത്ത ഇടിച്ചു കയറി ,നുമ്മ സ്വന്തം സീറ്റിൽ ഉറപ്പിച്ചു. രണ്ടു നിലയിലും ഡിന്നർ ഒരുകീട്ടുണ്ട്. ഞങ്ങൾ താഴത്തെ നിലയിൽ ആയിരുന്നു. അവിടെ മുഴുവൻ ഇന്ത്യക്കാർ ആയിരുന്നു, ഇന്ത്യൻ ഫുഡ് ആയിരുന്നു കൂടുതലും. ഗംഭീര ഡിന്നറും, പാട്ടും ഡാൻസും ബാങ്കോക്കിന്റെ  രാത്രി  കാഴ്ചകളും ആയി നദിയിലൂടെ ഒരു ഗംഭീര യാത്ര. ജീവിതത്തിൽ മറക്കാനാവാത്ത ഒരു രാത്രി. പകൽ കറങ്ങിയ അമ്പലങ്ങളും പാലസ് എല്ലാം ലൈറ്റിൽ മനോഹാരികൾ ആയി നിൽക്കുന്ന കാഴ്ച , രാത്രികൾ തന്നെയാ സുന്ദരികൾ എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.










തിരിച്ചു ഹോട്ടലിലേക്ക്. നല്ലൊരു ഉറക്കം .
.