Sunday 18 March 2012

നുവാര എലിയ, കാന്‍ഡി

ആദ്യമേ പോയത് സീതദേവിയുടെ ക്ഷേത്രത്തില്‍ ആണ്. രാവണന്‍ സീതയെ തട്ടികൊണ്ട് പോയി ഇരുത്തിയത് അവിടെ ആണത്രേ (നമ്മടെ അശോകവനം ).എന്തായാലും അമ്പലവും പരിസരവും കണ്ടിട്ട്  ,രാമായണത്തിലെ വളരെ  പ്രാധാന്യം ഉള്ള  സ്ഥലത്തിന്റെ ഒരു ലക്ഷണമൊന്നും  തോന്നിയില്ല. ഒരു സാധാരണ  തമിഴ് കോവില്‍ മാത്രം .ചെറിയ ഒരു അമ്പലം ആണ് അത്. ചെറിയ ഒരു അരുവിയും, വെള്ളച്ചാട്ടവും ഒക്കെ അതിന്റെ സമീപത്തു കൂടെ ഒഴുകുന്നുണ്ട്. ശ്രീരാമന്‍, സീത, ലക്ഷ്മണന്‍ ,ഹനുമാന്‍ ഒക്കെ ഉള്ള രണ്ടു ശ്രീകോവില്‍ ഉണ്ട്. അവിടെ അന്ന് വിശേഷാല്‍ പൂജകള്‍ ഉണ്ടായിരുന്നു. അതിനു വേണ്ടി കുറെ അധികം പൂജ ദ്രവ്യങ്ങള്‍ ഒരുക്കിയിരുന്നു .12  വര്ഷം കൂടുമ്പോള്‍ നടത്തുന്ന മഹാകുംഭാബിഷേകത്തിന്റെ വാര്‍ഷിക ആഘോഷം ആയിരുന്നു അവിടെ നടന്നിരുന്നത്.അവിടെ  ധാരാളം കുരങ്ങന്മാരും, ഉണ്ട്. അവര്‍ ഇടക്കിടക്ക് കോവിലില്‍  കേറി, പൂജ സാധനങ്ങളും മറ്റും  എടുത്തു കൊണ്ട് പോകുന്നുണ്ട്. തമിഴന്മാര്‍ ആണ് അവിടെ ക്ഷേത്രത്തിന്റെ നടത്തിപ്പുക്കാര്‍ .പൂജ കഴിയുന്നത്‌ വരെ നില്‍കാന്‍ സമയം ഇല്ലാത്തതുകൊണ്ട് ,പ്രാര്‍ത്ഥിച്ചു വേഗം തിരിച്ചു പോന്നു.



 പിന്നീട് പോയത് തടാകത്തിന്റെ തീരത്ത് ആണ്. ബോട്ടിംഗ് ,വാട്ടര്‍ വാക്കിംഗ്, എല്ലാം അവിടെ ടൂറിസ്റ്റ്കള്‍ക്കായി ഒരുക്കീട്ടൂണ്ട്. നുവാര എലിയയില്‍  നിന്നും കോളോമ്പോയിലേക്ക് എയര്‍ ടാക്സിയും ഉണ്ട്. വളരെ ശാന്തമായ ഒരു ഹില്‍ സ്റ്റേഷന്‍ ആണ് നുവാര .കോളോണിയല്‍ രീതിയില്‍ ഉള്ള മനോഹരമായ ഒരുപാട് വീടുകളും, ബില്ടിങ്ങുകളും ഉണ്ട്. നമ്മുടെ ഊട്ടി ,കൊടൈകനാല്‍ പോലെ ഒരു പാട് ലോക്കല്‍ ടൂറിസ്റ്റ്കളെ അവിടെ കണ്ടില്ല. അതുകൊണ്ട് തന്നെ നല്ല വൃത്തിയും വെടിപ്പും എല്ലായിടത്തും കാണാന്‍ സാധിച്ചു .ടൌണില്‍ ഒന്നു കറങ്ങി ഞങ്ങള്‍ നേരെ കാന്‍ഡിയിലേക്കാണ് പോയത് 

കാന്ഡി ഒരു ചെറിയ ഹില്‍ സ്റ്റേഷന്‍ ആണ്. 2000 + അടി ഉയരത്തില്‍ ഉള്ള നല്ല കാലാവസ്ഥ ഉള്ള ശ്രീലങ്കയിലെ രണ്ടാമത്തെ നഗരം ആണ്. ബുദ്ധമതക്കാര്‍ക്ക് ഏറ്റവും പ്രാധാന്യം ഉള്ള നഗരം .
ഉച്ചയോടെ കാന്‍ഡിയില്‍ എത്തി . ഹോട്ടലില്‍ ചെക്ക്‌ ഇന്‍ ചെയ്യാനുള്ള സമയം ആയിട്ടില്ലാത്തത്  കൊണ്ട് ഡ്രൈവര്‍ ഞങ്ങളെ ഒരു ജെം സെന്ററില്‍  എത്തിച്ചു . അവിടെ രത്ന കല്ലുകള്‍  ഖനനം ചെയ്യുന്നതും ,കട്ട്‌ ചെയ്തു ആഭരണങ്ങളില്‍ ചെയ്യുന്നതും മറ്റും കാണിച്ചു തന്നു .അവരുടെ ഷോറൂമില്‍ കൊണ്ട് പോയി എന്തെങ്കിലും വാങ്ങാന്‍ വേണ്ടി പ്രലോഭിപ്പിക്കുനുണ്ടായിരുന്നു .നവരത്ന കല്ലിനു നമ്മുടെ നാട്ടിലെക്കാള്‍ ഒരു പാട് വില കുറവ് കണ്ടു.  രത്നങ്ങള്‍  വാങ്ങിച്ചു  നാട്ടില്‍ കൊണ്ട് വന്നു കൊടുത്താലോ എന്നുള്ള  പുള്ളികാരന്റെ ചിന്തകളെ മുളയിലെ ഞാന്‍ നുള്ളി . രത്ന കടക്കാരും ഡ്രൈവര്‍മാരും തമ്മില്‍ ഉള്ള ബന്ധത്തിനെ പറ്റി നിരക്ഷരന്‍ സൂചന തന്നിരുന്നത് കൊണ്ട് അവിടെ അധിക നേരം നിന്ന് ചിലവഴിക്കാന്‍ തോന്നിയില്ല .
  കാന്‍ഡി ടൌണില്‍ നിന്നും ഒരു ശ്രീലങ്കന്‍  ഫ്രൈഡറൈസ് (ശ്രീലങ്കകാര് അരി ഒട്ടും വേവിക്കില്ല എന്ന് തോന്നുന്നു ) കഴിച്ചു ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തു. കാന്‍ഡി ടൌണില്‍ നിന്നും മാറി, ഒരു കുന്നിന്‍ ചെരുവില്‍ മനോഹരമായ ഒരു സ്ഥലത്താണ് സേനാനി ഹോട്ടല്‍ സ്ഥിതി ചെയ്യുനത് ബാല്കണിയില്‍ നിന്നും നോക്കിയാല്‍ കാണുന്നത് ചെറിയ വനം ആണ് .സ്വിമ്മിംഗ് പൂള്‍ കണ്ടപ്പോള്‍ ഒന്ന് ചാടി കുളിക്കണം എന്ന് തോന്നിയെങ്കിലും സമയകുറവും, മലയാളിയുടെ മുഖമുദ്ര ആയ ചമ്മലും കാരണം വേണ്ടാന്നു വച്ചു  .കുറച്ചു നേരം ഹോട്ടലില്‍ വിശ്രമിച്ചതിനു ശേഷം ,cultural  ഷോ നടക്കുന്ന Y .M .B .A  ഹാള്‍ പോയി .ഒരാള്‍ക്ക്‌ 500 രൂപ ആണ് പ്രവേശന ഫീസ്‌. ശ്രീലങ്കയിലെ തനതായ കുറെ നൃത്ത രൂപങ്ങളെ ശ്രീലങ്കന്‍ കലാകാരന്മാര്‍ അവിടെ അവതരിപ്പിച്ചു . നൃത്ത രൂപങ്ങളുടെ പേരുകളും , ചെറിയ ഒരു വിവരണവും ഒരു പേപ്പറില്‍ എല്ലാവര്ക്കും നല്‍കുന്നുണ്ട് . കാണികള്‍ കൂടുതലും പാശ്ചാത്യര്‍ ആയിരുന്നു .നമ്മുടെ മദ്ദളം പോലെ ഉള്ള സംഗീത ഉപകരണങ്ങളും ,അതനുസരിച്ച് ചെയ്യുന്ന നൃത്ത ചുവടുകളും ,അവരുടെ traditional ഡ്രസ്സ്‌ എല്ലാം കൂടി നല്ല ഒരു ഷോ കാണിച്ചു തന്നു. നൃത്തത്തിന്റെ അവസാനം വരുന്ന സര്‍ക്കസ് പോലെ ഉള്ള കുറെ സ്റ്റെപ്പ്സ് ,ശരിക്കും ത്രില്ലിംഗ് ആയിരുന്നു . നൃത്തം ചെയ്തു കൊണ്ടുള്ള ഫയര്‍ വാക്കിംഗ് ,ആയിരുന്നു അവസാനത്തെ ഐറ്റം .  

Friday 16 March 2012

ശ്രീലങ്കയിലേക്ക്

ഒരു ശ്രീലങ്കന്‍  ടൂര്‍ ആലോചിച്ചപ്പോള്‍ ആദ്യമേ ചെയ്തത് മനോജിനെ കോണ്ടാക്റ്റ്  ചെയ്തു വിവരങ്ങള്‍ ചോതിച്ചു അറിയുകയാണ്.അറിയാത്ത ഒരു നാട്ടിലേക്ക്  ചെന്ന് അവിടത്തെ കാര്യങ്ങള്‍ ചെയ്യുന്നതിലും  നല്ലത് ഒരു ട്രാവെല്‍സ് വഴി ടൂര്‍ പാക്കേജ്  ആയിട്ട് പോകുന്നതാണ് നല്ലത് എന്ന് തോന്നി. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് കറങ്ങാന്‍ സാധിച്ചില്ല എന്ന ഒരു പോരായ്മ ഉണ്ടെങ്കിലും നാല് ദിവസം കൊണ്ട് ഒരു രാജ്യത്തെ പ്രധാന സ്ഥലങ്ങള്‍ കാണാന്‍ ടൂര്‍ പാക്കേജ്   വഴി പോകുന്നതാണ് നല്ലത് .കൊച്ചിയില്‍ നിന്നും ഡയറക്റ്റ് ഫ്ലൈറ്റ് ഉണ്ടെങ്കിലും, ചെന്നൈ നിന്നും ടിക്കറ്റ്‌ ചാര്‍ജില്‍ നല്ല കുറവു ഉണ്ടായിരുന്നത്  കൊണ്ടും ,ചെന്നൈ  കൂടി ഒരു ദിവസം കൊണ്ട് ഓടിച്ചു കാണാമല്ലോ എന്നുള്ള ചിന്ത കാരണം  ,ചെന്നൈയില്‍ നിന്നാണ് ശ്രീലങ്കയിലേക്ക്  പോയത് .
തൃശൂര്‍ നിന്നും രാത്രി ട്രെയിനില്‍ ചെന്നൈ പോയി .അവിടെ രാവിലെ എത്തി ചേര്‍ന്ന് ഹോട്ടലില്‍ റൂം എടുത്തു ഫ്രഷ്‌ ആയി .ഹോട്ടലിന്റെ   തൊട്ടു അടുത്തുള്ള,  സിറ്റി ടൂര്‍ നടത്തുന്ന ഒരു  ട്രാവല്‍സ്  പരിചയപെട്ടു .2 മുതല്‍ 9 മണി വരെ ഉള്ള ട്രിപ്പിനു പോകാന്‍ തീരുമാനിച്ചു .മറീന ബീച്ച്  ,kapaleswarar temple ,സ്നേക്ക്  പാര്‍ക്ക്‌, museum ,bronze gallery ,തുടങ്ങിയവയും, നഗരത്തിലൂടെ ഒരു ഓട്ട പ്രദക്ഷിണവും വഴി  കുറെ ഒക്കെ കണ്ടു തീര്‍ത്തു . ചെന്നൈ കണ്ടിട്ടില്ല എന്ന് ഇനി പറയേണ്ടി വരില്ല.
പിറ്റേന്ന് രാവിലെ ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും ശ്രീലങ്കക്ക്  ഫ്ലൈറ്റ് കേറി .അവിടെ ട്രാവെല്‍സ് അറേഞ്ച് ചെയ്ത ഇന്തോനേഷ്യന്‍  ഡ്രൈവര്‍  വണ്ടി ആയി  കാത്തു നിന്നിരുന്നു . മൂന്നു ദിവസം മൂന്ന് സ്ഥലത്ത് ആയിട്ടായിരുന്നു ഞങ്ങളുടെ താമസം അറേഞ്ച് ചെയ്തിരുന്നത്.
 എയര്‍പോര്‍ട്ടില്‍ നിന്നും നേരെ പോയത് നുവാറ എലിയ എന്ന മനോഹരമായ നാട്ടിലേക്കാണ്. ഒരു ഹില്‍സ്റ്റേഷന്‍  ആണ് നുവാറ എലിയ .എയര്‍പോര്‍ട്ടില്‍ നിന്നും ഏകദേശം  150  km  ദൂരെ ആണ് നുവാറ എലിയ സ്ഥിതി ചെയ്യുന്നത് .കൊളോമ്പോ നഗരം ടച്ച്‌ ചെയ്യാതെ എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ഉള്‍പ്രദേശം വഴി ആണ് യാത്ര തുടങ്ങീതു .കേരളത്തിന്റെ കാലാവസ്ഥയും, കാഴ്ചകളും ഒക്കെ ആയിരുന്നു പോകുന്ന വഴികള്‍ എല്ലാം . അവിടത്തെ ആളുകളെയും, അവരുടെ വേഷവും കാണുമ്പോ മാത്രം ആണ് ശ്രിലങ്കയിലൂടെ ആണ് പോകുന്നത് എന്ന് തോന്നുള്ളൂ .നമ്മുടെ മുവാറ്റുപുഴ, തൊടുപുഴ പാല റൂട്ട് പോലെ ചെറിയ കുന്നുകള്‍ കേറി ഇറങ്ങി, ചെറിയ കവലകളും, ചെറിയ ടൌണ്‍ ഒക്കെ ആണ് കടന്നു പോകുമ്പോള്‍ കാണുന്ന കാഴ്ചകള്‍ .ഞങ്ങളുടെ ഡ്രൈവര്‍ക്ക് പള്ളിയില്‍ നിസ്കാരത്തിനു പോകാനായി ഒരു ചെറിയ ടൌണില്‍  വണ്ടി നിര്‍ത്തി. അവിടെ ഒരു ചെറിയ ഹോട്ടലില്‍  ചായ കുടിക്കാന്‍ കേറി. ടി എന്ന് പറഞ്ഞപ്പോള്‍ കട്ടചായ കൊണ്ട് വന്നു. ഭാഷ അറിയാത്തതിന്റെ  പ്രശ്നങ്ങള്‍   അവിടന്ന് തുടങ്ങി . ചായക്ക് എല്ലായിടത്തും മുപ്പതു നാല്പതു രൂപ ആണ് റേറ്റ് . എന്നിരുനാലും, സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഒഴിച്ച് ബാക്കി  എല്ലായിടത്ത്  നിന്നും, നല്ല അടിപൊളി ചായ കിട്ടീരുന്നു .ഒരു ഉഴുന്ന് വട വാങ്ങി . അതിലും മീന്‍ ചേര്‍ത്താണ് ഉണ്ടാക്കീട്ടൂള്ളത് . മീന്‍ ആണല്ലോ ശ്രീലങ്കക്കാരുടെ ഇഷ്ട വിഭവം .കുപ്പി വെള്ളം വാങ്ങിയപ്പോ ആണ് ഞെട്ടി പോയത് ,50  ഒക്കെ ആണ് സാധാരണ വില  .പക്ഷെ ഇളനീരിനു 25  ,30 ഒക്കെ ഉള്ളു. അതും നമ്മുടെ ഇവിടെ കിട്ടുന്ന പോലെ അല്ലാ. നല്ല സ്വാദു ഉണ്ടായിരുന്നു .അതുകൊണ്ട് തന്നെ വെള്ളത്തിന്‌ പകരം ഇളനീര് ആണ് കൂടുതലും  വാങ്ങിയത് .അഞ്ചര ആറു മണികൂര്‍ യാത്ര ഉണ്ട് നുവാറ എലിയയിലേക്ക് .ചെറിയ ചെറിയ കുന്നുകള്‍ കേറി ഇറങ്ങി യാത്ര തുടര്‍ന്നു  .
ശ്രീലങ്കയില്‍ ഉടനീളം കണ്ട വൃത്തിയും വെടിപ്പും എടുത്തു പറയാതെ വയ്യ .വൃത്തിയില്ലായ്മ  ആകെ കണ്ടത് തമിഴന്മാരുടെ കടയിലും മറ്റും മാത്രം ആണ് .അതുപോലെ തന്നെ ഒരു ഗട്ടെര്‍ പോലും ഇല്ലാത്ത നല്ല റോഡുകളും, അവിടത്തെ പ്രത്യേകത ആണ് .എത്ര ഉള്ള്പ്രദേശ റോഡ്‌ ആണെങ്കിലും നല്ല നിലവാരമുള്ള റോഡ്‌ കാണാന്‍ സാധിച്ചു. റോഡ്‌  നിയമങ്ങള്‍ പാലിക്കുന്ന മര്യാദ ഉള്ള ഡ്രൈവര്‍മാരെയും എല്ലായിടത്തും കണ്ടു .

നുവാരാ എലിയ 6000 + അടി ഉയരത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത് .പക്ഷെ അങ്ങോട്ടുള്ള വഴിയില്‍ അധികം ഹെയര്‍ പിന്‍ വളവുകള്‍ ഇല്ല. പോകുന്ന വഴിയുടെ ഇരുവശവും തേയില തോട്ടങ്ങള്‍ ആണ്. പിന്നെ പച്ചക്കറി കൃഷി ഇടങ്ങളും .വഴിയില്‍ അവിടവിടെ ആയി പച്ചക്കറികളും, പഴങ്ങളും,ഫ്രഷ്‌ ആയി തോട്ടത്തില്‍ നിന്നും പറിച്ചു വില്കാന്‍ വച്ചിടുണ്ട്. ടൂറിസ്റ്റ്ക്കാരെ കാണുമ്പോ വില കൂട്ടുനതാണോ എന്നറിയില്ല , എല്ലാത്തിനും വില കൂടുതല്‍  ആണ്. ഒരു പേരക്ക വില 15  രൂപ ഒക്കെ ആണ് .വഴിയില്‍ പലയിടത്തും വെള്ളച്ചാട്ടങ്ങള്‍ ഉണ്ട്, പക്ഷെ മഴക്കാലം അല്ലാത്തതിനാല്‍ ശുഷ്കിച്ച  അവസ്ഥയില്‍ ആണ്  .

അങ്ങോട്ടുള്ള വഴിയില്‍ ഒരു ടി ഫാക്ടറിയില്‍ വണ്ടി നിര്‍ത്തി. അവിടെ ചായല ഉണ്ടാക്കുന്ന വിധം എല്ലാം കാണിച്ചു, വിവരിച്ചു തരുന്നുണ്ട്. പലതരം ചായ ഉണ്ടാക്കാനുള്ള പൊടികളുടെ, പ്രോസിസ്സിംഗ് ഒക്കെ ഒരു പെണ്‍കുട്ടി വിവരിച്ചു തന്നു .ഫാക്ടറിക്ക് അടുത്ത് തന്നെ അവരുടെ ഒരു ഷോപ്പും, റെസ്റ്റരന്റ് ഉണ്ട്. ഫ്രഷ്‌ തേയില കൊണ്ട് ഉണ്ടാക്കിയ ചായയും തന്നു അവര്‍. അവിടെ നിന്ന് ഒരു പാക്കറ്റ് തേയിലയും വാങ്ങി തിരിച്ചു .ഇരുട്ട് വീണപ്പോള്‍ ആണ് നുവാര എലിയ എത്തിയത്. ടൌണില്‍ നിന്നും കുറച്ചു മാറി, തടാകത്തിന്റെ കരയില്‍ ചെറിയ ഒരു കുന്നിന്‍ ചെരുവില്‍ ആണ് ഞങ്ങളുടെ ഹോട്ടല്‍ സ്ഥിതി  ചെയ്തിരുനത് . രാത്രി ആയതിനാല്‍ കറങ്ങാന്‍ പോകാന്‍ സമയം ഉണ്ടായിരുന്നില്ല. ഫ്രഷ്‌ ആയി വൈകീട്ടത്തെ ഫുഡ്‌ കഴിക്കാന്‍ ഡ്രൈവര്‍ ഞങ്ങളെ ടൌണില്‍ ഇറക്കി. 8  മണി ആയപ്പോഴേക്കും കടകള്‍ ഒക്കെ അടച്ചു തുടങ്ങീരുന്നു .അതുകൊണ്ട് തന്നെ ടൌണില്‍ കറങ്ങാന്‍ സാധിച്ചില്ല .ഒരു തമിഴ് ഹോട്ടലില്‍ കേറി മസാല ദോശ എന്ന് പറയുന്ന ഒരു ഫുഡ്‌ വാങ്ങി കഴിച്ചു. നീണ്ട യാത്രയുടെ ഷീണം ഉണ്ടായിരുന്നതുകൊണ്ട് വേഗം തന്നെ കിടന്നു .അവിടെ രാത്രി 12  ഡിഗ്രി തണുപ്പ് ആണ്. രാവിലത്തെ ഹോട്ടലില്‍ നിന്ന് ഉള്ള കാഴ്ച അതി മനോഹരം ആണ്. തേയില തോട്ടങ്ങളുടെ പച്ചപ്പും, തടാകത്തിന്റെ ഭംഗിയും ആസ്വദിച്ചു നടന്നു.  തലേന്ന് തന്നെ പ്രഭാതഭക്ഷണം  ഇഡ്ഡലിയോ ദോശയോ മറ്റോ വേണം എന്ന് പറഞ്ഞതിനാല്‍ അവര്‍ അത് ഒരുക്കിയിരുന്നു .നല്ല ടേസ്റ്റ് ഉള്ള ഫുഡ്‌  കഴിച്ചു നുവാര എലിയ കാണാന്‍ ഇറങ്ങി .